കോടതി നിര്‍ദ്ദേശിച്ചു; ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Jan 11, 2020, 2:22 PM IST
Highlights

ദില്ലി തീസ്ഹസാരി കോടതിയുടെ നിർദേശത്തെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 
 

ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കായാണ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദില്ലി തീസ്ഹസാരി കോടതിയുടെ നിർദേശത്തെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 

അസുഖബാധിതനായ ആസാദിനെ നേരത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം നേരത്തെ ചികിത്സ തേടിയ എയിംസിൽ തന്നെ ചികിത്സ നൽകണമെന്ന് ആസാദിന്റെ വക്കീൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ആസാദ് തിഹാർ ജയിലിൽ റിമാൻഡിലാണ്. 

ഡിസംബർ 21-ന് ദില്ലി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖ‍ർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ കഴിയുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുന്നുവെന്ന് ഭീം ആർമി പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. അസുഖബാധിതനായിരുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദസ്തംഭനമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി  ആസാദിന്റെ ഡോക്ടർ ഹർജിത് സിങ്ങ് ഭട്ടി ട്വിറ്റ് ചെയ്തിരുന്നു.
 

click me!