പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Jan 6, 2020, 3:24 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനകൾക്കായി ദില്ലി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

കഴിഞ്ഞ 21 ന് ദില്ലി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖ‍ർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 21 ന് ആസാദിന്‍റെ ജാമ്യം നിരസിച്ച ദില്ലി കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തിഹാർ ജയിലിൽ റിമാന്റിലായിരുന്ന ആസാദിന്റെ ആരോഗ്യനില മോശമായിട്ടും അധികൃതർ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് രാജ്യത്ത് ആസാദിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും വ്യക്തമാക്കി ഇദ്ദേഹത്തിന്‍റെ ഡോക്ടറായ ഹർജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

Read More: സഹറാന്‍പൂരില്‍ നിന്ന് മീശ പിരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ രാവണ്‍; ഏഴാംനാളില്‍ പ്രതിഷേധക്കാരുടെ ഹീറോ ...

click me!