ബന്ദിപ്പൂര്‍  മേഖലയില്‍  അനുയോജ്യം എലിവേറ്റഡ് റോഡ്; പ്രകാശ് ജാവേദ്ക്കര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

By Web TeamFirst Published Aug 24, 2019, 5:02 PM IST
Highlights

കേരളത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്‍റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധവുമാണ്.


തിരുവനന്തപുരം: ബന്ദിപ്പൂര്‍  നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട്-മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവേദ്കര്‍ക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്.

കേരളത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്‍റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധവുമാണ്. കോഴിക്കോട്- മൈസൂര്‍-കൊല്ലെംഗല്‍ ദേശീയപാതയില്‍ (എന്‍എച്ച് 766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതുകൊണ്ടാണിത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്.

ഈ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിവേറ്റഡ് റോഡ് എന്ന കേരളത്തിന്‍റെ നിര്‍ദ്ദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്‍വര്‍ധന്‍ റാവു കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായും കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായും അടുത്ത ദിവസം ചര്‍ച്ച നടത്തിയിരുന്നു.

click me!