
ദില്ലി: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റിൽ പ്രതികരിച്ച് കന്യാസ്ത്രീകൾക്കൊപ്പം വന്ന പെൺകുട്ടികൾ. കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടി പറയുന്നു. ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു.
അതിനിടെ മതം മാറ്റുന്നവരെ മർദിക്കുന്നത് തുടരുമെന്നാണ് സംഭവത്തിൽ തീവ്ര ഹിന്ദു സംഘടനാ നേതാവ് ജ്യോതി ശർമയുടെ പ്രതികരണം. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നിവ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുക ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും ജ്യോതി ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നീതി ലഭിക്കുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രതികരിച്ചു. ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം വേണ്ടിവന്നാൽ താനും ഛത്തീസ്‌ഗഡിൽ പോകും. നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരാണ് മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയത്. മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam