ബീഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളുടെ മരണം; കാരണം ലിച്ചിപ്പഴമല്ലെന്ന് ആശുപത്രി സൂപ്രണ്ട്

By Web TeamFirst Published Jul 7, 2019, 8:35 AM IST
Highlights

ഒരു വയസിന് താഴെയുള്ള ഒരുപാട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും അവർ ലിച്ചി കഴിച്ചിട്ടാണോയെന്നും ഡോക്ടർ സുനിൽ ഷാഹി

പാട്ന: ബീഹാറിലെ മുസഫർപൂരിൽ 150ലധികം കുട്ടികൾ മരിച്ചത് കടുത്ത ചൂട് കാരണമാവാമെന്ന് ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽ ഷാഹി. 119 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മരിച്ചതെന്നും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അസുഖത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിൽ കൂടി ചൂടും ഈർപ്പവുമാണ് ഇത്ര തീവ്രമായ അവസ്ഥയിലേക്ക് രോഗത്തെ എത്തിച്ചതെന്ന് പറഞ്ഞ സൂപ്രണ്ട്, ലിച്ചിപ്പഴമെന്ന സാധ്യതയെ പാടെ തള്ളിക്കളഞ്ഞു. ഒരു വയസിന് താഴെയുള്ള ഒരുപാട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും അവർ ലിച്ചി കഴിച്ചിട്ടാണോയെന്നും ഡോക്ടർ സുനിൽ ഷാഹി പറഞ്ഞു.

"ജനുവരി മുതൽ 452 കുട്ടികളെയാണ് മസ്തിഷ്കജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 300 പേരെ അസുഖം മാറി വിട്ടയച്ചു. നിലവിൽ ആറ് കുട്ടികളാണ് ഐസിയുവിൽ ഉള്ളത്. ഇപ്പോൾ വാർഡിലുള്ള 14 കുട്ടികളെ നാളെ ഡിസ്ചാർജ് ചെയ്യും" ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
 

click me!