Latest Videos

ഗല്‍വാനിലെ ആക്രമണത്തിന് തുടക്കമിട്ടത് ചൈന, ഉത്തരവിട്ടത് ചൈനീസ് ജനറല്‍; യുഎസ് ഏജന്‍സി

By Web TeamFirst Published Jun 24, 2020, 10:43 AM IST
Highlights

ഇന്ത്യയെ പാഠം പഠിപ്പിക്കാനാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്. ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താനും ആക്രമണം കൊണ്ട് ഉദ്ദേശ്യമുണ്ടായി. എന്നാല്‍, ഇന്ത്യയുടെ തിരിച്ചടി ഇത്ര രൂക്ഷമാകുമെന്ന് ചൈന പ്രതീക്ഷിച്ചില്ല.
 

ദില്ലി: ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്ന് റിപ്പോര്‍ട്ട്.  ഷോന്‍കിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഉദ്ദേശിച്ച ഫലം കാണാതെ ചൈനീസ് ജനറലിന്റെ പദ്ധതി തിരിച്ചടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് ഷാവോ ഷോന്‍കിയുടെ ആസൂത്രണം പാളിയത്.

ഇന്ത്യയെ പാഠം പഠിപ്പിക്കാനാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്. ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താനും ആക്രമണം കൊണ്ട് ഉദ്ദേശ്യമുണ്ടായി. എന്നാല്‍, ഇന്ത്യയുടെ തിരിച്ചടി ഇത്ര രൂക്ഷമാകുമെന്ന് ചൈന പ്രതീക്ഷിച്ചില്ല. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് പുറത്തുവിട്ടിട്ടില്ല. കുറഞ്ഞത് 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചൈന സ്ഥിരീകരിച്ചിട്ടില്ല. 

ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണവും ചൈനക്ക് അപ്രീതീക്ഷിത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്ന് ഇന്ത്യയാണ്. 5ജി കരാറില്‍ നിന്ന് ചൈനീസ് കമ്പനിയായ വാവെയെ ഒഴിവാക്കാന്‍ യുഎസ് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആശങ്കയോടെയാണ് ചൈന കാണുന്നത്.
 

click me!