
ദില്ലി: സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടിനെ എഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ഗൽഗോത്തിയാസ് സർവകലാശാലയെ ഉച്ചകോടിയിൽനിന്നും പുറത്താക്കി. റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടക്കം വെട്ടിലായി. റോബോട്ടിന്‍റെ നിർമ്മാണാവകാശം ഉന്നയിച്ചിരുന്നില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം.
നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സർവകലാശാലയായ ഗാൽഗോത്തിയാസിന്റെ പ്രവർത്തനങ്ങളാണ് വലിയ നാണക്കേടായത്. എഐ ഇംപാക്ട് എക്സ്പോയിൽ കോടികൾ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സർവകലാശാല ചൈനീസ് നിർമ്മിത റോബോട്ടിനെ അവതരിപ്പിച്ചത്. വിവിധ മാധ്യമങ്ങൾക്കും ഇത് സംബന്ധിച്ച് പ്രൊഫസർമാരും വിദ്യാർത്ഥികളും അഭിമുഖവും നൽകി. സർവകലാശാലയുടെ എഐ ഫണ്ടിൽനിന്നും 350 കോടി മുടക്കിയാണ് ഓറിയോൺ എന്ന് പേരിട്ട റോബോട്ടിനെ വികസിപ്പിച്ചതെന്നുവരെ ഒരു പ്രൊഫസർ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നാലെ റോബോട്ടിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവടക്കം അഭിമാനത്തോടെ അവതരിപ്പിച്ചു. പിന്നാലെ ചൈനീസ് മാധ്യമങ്ങൾ കള്ളി പൊളിച്ചു. യൂണിട്രീ എന്ന ചൈനീസ് കമ്പനിയുടെ ജിഒടു മോഡൽ റോബോ ഡോഗിനെ രണ്ട് ലക്ഷത്തിലധികം രൂപ നൽകി സർവകലാശാല വാങ്ങിയതാണെന്ന് വ്യക്തമായി. പിന്നാലെ വിഷയം കോൺഗ്രസ് ഏറ്റെടുത്തു. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും, യഥാർത്ഥ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് പകരം വെറും പിആർ ആയി ഉച്ചകോടി മാറിയെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തൊട്ടുപിന്നാലെയാണ് സർവകലാശാലയോട് ഉടൻ എഐ ഉച്ചകോടിയിൽനിന്നും സ്ഥലം വിടാൻ അധികൃതർ നിർദേശിച്ചത്. റോബോട്ടിനെ പുകഴ്ത്തിയുള്ള ട്വീറ്റ് കേന്ദ്രമന്ത്രി ഡിലീറ്റ് ചെയ്തു. അതേസമയം റോബോട്ട് തങ്ങൾ വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് സർവകലാശാല വിശദീകരിക്കുന്നു.
ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്തവർക്ക് കൃത്യമായി പാസ് നൽകാത്തതു മുതൽ നിയന്ത്രണാതീതമായ തിരക്കും എക്സിബിഷൻ സ്റ്റാളുകളിലെ എഐ ഉപകരണങ്ങൾ മോഷണം പോയത് വരെ ക്രമീകരണങ്ങളിലെ പാളിച്ചയിൽ കേന്ദ്രസർക്കാർ വലിയ വിമർശനം നേരിടുമ്പോഴാണ് ഇടിത്തീ പോലെ വ്യാജ റോബോഡോഗ് വിവാദം. പാളിച്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam