
ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് ദില്ലി ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സ്ഥലങ്ങളിൽ വർദ്ധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. അക്രമത്തിൽ ആശങ്കയുണ്ടെന്നും അധികാരപരിധിക്കുള്ളിൽ നിന്നുള്ള ഇടപെടൽ നടത്തുമെന്നും രാഷ്ട്രപതി വ്യക്തമാക്കിയതായി പ്രതിനിധി സംഘം അറിയിച്ചു.
ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും, മതം മാറ്റം ആരോപിച്ച് പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരെ എടുക്കുന്ന കേസുകളും ചൂണ്ടിക്കാട്ടി ഫെബ്രുവരി 19ന് വിവിധ ക്രിസ്ത്യൻ സഭകൾ ദില്ലിയിൽ പ്രതിഷേധിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വ്യാഴാഴ്ച രാഷ്ട്രപതിയെ കണ്ട് സംഭവങ്ങളിൽ ആർച്ച് ബിഷപ്പ് അടങ്ങുന്ന സംഘം ആശങ്ക അറിയിച്ചത്. ആർച്ച് ബിഷപ്പ് അനിൽ ക്യുട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടൽ, പോൾ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഉത്തർപ്രദേശിലും ഛത്തീസ്ഗഡിലും അടക്കം വലിയ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ പ്രതിനിധി സംഘം വ്യക്തമാക്കി. ആശങ്കകൾ പരിഹരിക്കാൻ അധികാരപരിധിയിൽ നിന്ന് ഇടപെടൽ നടത്തുമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായും പ്രതിനിധി സംഘം പറഞ്ഞു.
ആക്രമണങ്ങൾക്ക് പിന്നിൽ ചെറിയൊരു വിഭാഗമാണ്. വൈവിധ്യത്തിൽ അധിഷ്ഠിതമായ മതനിരപേക്ഷ മൂല്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന കാഴ്ചപ്പാട് രാഷ്ട്രപതി കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നും പ്രതിനിധി സംഘം പറഞ്ഞു. ഒഡീഷയിലെ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിനും കുടുംബവും അയൽക്കാരായിരുന്നുവെന്നും അവരുടെ കൊലപാതകം വേദനയുണ്ടാക്കിയെന്നും രാഷ്ട്രപതി സംഘാംഗങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സേക്രട്ട് ഹാർട്ട് പള്ളിയിൽ സ്വീകരിച്ചത് ആർച്ച് ബിഷപ്പ് അനിൽ ക്യുട്ടോയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് ശേഷമാണ് പ്രതിനിധി സംഘത്തിന് രാഷ്ട്രപതി സമയം നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam