ഇന്ത്യയിലേക്ക് ഒരു വാക്സീന് കൂടി: യുഎസ് നിർമ്മിത മോഡേണ വാക്സീന് അംഗീകാരം നൽകി

By Web TeamFirst Published Jun 29, 2021, 4:25 PM IST
Highlights

എംആർഎൻഎ വാക്സീനായ മോഡേണ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 94 ശതമാനം  സക്സസ് റേറ്റാണ് കാണിച്ചത്. 

ദില്ലി: വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടെ ഇന്ത്യയിലേക്ക് നാലമാത്തെ വാക്സീൻ വരുന്നു. യുഎസ് നിർമ്മിത മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനാണ് ഡിസിജിഐ അനുമതി നൽകിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി സിപ്ലയാണ് മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നൽകിയത്. 

അമേരിക്കൻ കമ്പനിയായ മോഡേണ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ്, ബയോമെഡിക്കൽ അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ അതോറിറ്റി എന്നിവർ ചേർന്ന് വികസിപ്പിച്ച ഈ വാക്സീൻ സ്പൈക് വാക്സ് എന്ന ബ്രാൻഡ് നാമത്തിലാണ് അമേരിക്കയിൽ ഇറക്കിയത്. എംആർഎൻഎ വാക്സീനായ മോഡേണ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 94 ശതമാനം  സക്സസ് റേറ്റാണ് കാണിച്ചത്. യുഎസ്എ, കാന്നഡ, യൂറോപ്യൻയൂണിയൻ, യുകെ, ഇസ്രയേൽ അടക്കം ലോകത്തെ 53 രാജ്യങ്ങളിൽ വാക്സീൻ നിലവിൽ ഉപയോഗത്തിലുണ്ട്. 28 മുതൽ  42 ദിവസം വരെയാണ് രണ്ടാം വാക്സീനെടുക്കാനുള്ള ഇടവേള. 

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സീൻ, ഡോ.റെഡ്ഡീസ് ലാബ്സ് വിതരണം ചെയ്യുന്ന സ്പ്ടുനിക് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള വാക്സീനുകൾ. ആദ്യഘട്ടത്തിൽ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന സ്പുട്നിക് വാക്സീൻ ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം കൂടുതൽ കമ്പനികൾ ഉത്പാദിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്പുട്നിക് ഇതുവരെ എത്തിയിട്ടില്ല. 

വാക്സീൻ ഉത്പാദനം പ്രതീക്ഷിച്ച രീതിയിൽ ഉയരാതെ വന്നതോടെയാണ് കൂടുതൽ വാക്സീനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഫൈസറടക്കം ഏഴോളം വാക്സീനുകൾ ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!