Latest Videos

രാജ്യത്തെ എല്ലാ പൗരൻമാ‍ർക്കും ആരോ​ഗ്യ തിരിച്ചറിയൽ കാ‍ർഡ്; പ്രഖ്യാപനം ആഗസ്റ്റ് 15-നെന്ന് സൂചന

By Web TeamFirst Published Aug 3, 2020, 1:39 PM IST
Highlights

അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് മൊബൈല്‍ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ദില്ലി: രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകാനുള്ള പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി
നടത്തുമെന്നാണ് സൂചന. കൊവിഡ് വ്യാപനത്തിൻറെ സാഹചര്യത്തിലാണ് ഈ തീരുമാനം. അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് മൊബൈല്‍ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

മഹാമാരിയുടെ കാലത്ത് രാജ്യത്തെ ചികിത്സാ രംഗത്ത് വലിയ മാറ്റത്തിന് വഴി തുറക്കുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയാണ്
സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപനത്തിനൊരുങ്ങുന്നത്. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയല്‍ രേഖ നൽകും. വ്യക്തിഗത ആരോഗ്യ വിവര ശേഖരണം, ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും.

സ്വകാര്യത ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണനയുണ്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവര കൈമാറ്റം വ്യക്തിയുടെ
അനുമതിയോടെ മാത്രമേ ഉണ്ടാകൂ. ചികിത്സ ആവശ്യത്തിനായി ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു നിശ്ചിത കാലയളവില്‍ വിവരങ്ങള്‍ നല്‍കും. ആരോഗ്യതിരിച്ചറിയല്‍  കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. എന്നാലത് നിര്‍ബന്ധമാക്കില്ല. രാജ്യത്ത് എവിടെയും ചികിത്സയ്ക്കായി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. 

അടുത്ത ഘട്ടത്തില്‍  ടെലിമെഡിസിന്‍ സര്‍വ്വീസ് വ്യാപകമാക്കാനും ആലോചനയുണ്ട്. അതിനിടെ ആശുപത്രികളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന നിർദ്ദേശവുമായി കേന്ദ്രം രംഗത്തെത്തി. ചികിത്സയിലുള്ള രോഗികൾക്ക് ഫോണും ടാബ്ലറ്റും ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശം. മാനസിക സംഘർഷം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നിർദ്ദേശം.
 

click me!