ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഷോപ്പിയാനിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷ സേന

Published : Oct 11, 2021, 10:16 PM ISTUpdated : Oct 11, 2021, 10:18 PM IST
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഷോപ്പിയാനിലെ ഒരു വീട്ടിൽ  ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷ സേന

Synopsis

ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu and Kashmir) ഷോപ്പിയാനിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷ സേന. തുൽറാൻ ഗ്രാമത്തിലെ ഒരു വീട്ടിൽ മൂന്ന് ഭീകരർ (terrorists) ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷ സേന അറിയിച്ചത്. പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കീഴടങ്ങാനുള്ള സുരക്ഷ സേനയുടെ ആഭ്യർത്ഥന ഭീകരർ തള്ളി. 

ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. കൊട്ടാരാക്കര ഓടനാവട്ടം സ്വദേശി വൈശാഖ് എച്ച് ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ കശ്മീരിൽ തടവിലാക്കി. ജവാന്മാരുടെ ത്യാഗത്തിന് രാജ്യം എന്നും സ്മരിക്കുന്നതായി സൈന്യം അറിയിച്ചു. പൂഞ്ചിൽ വീരമൃത്യു വരിച്ച പഞ്ചാബിൽ നിന്നുള്ള മൂന്ന് സൈനികരുടെ കുടുംബങ്ങൾക്ക്  50 ലക്ഷം രൂപ പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

പൂഞ്ചിൽ പീർപഞ്ചാൾ മേഖലയിലിൽ രാവിലെ ഏട്ടരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖല വഴി നുഴഞ്ഞ് കയറാൻ ശ്രമിക്കുകയായിരുന്നു ഭീകരർ. ഇതെതുടർന്നാണ് സൈന്യം മേഖലയിൽ തെരച്ചിൽ തുടങ്ങിയത്. വനത്തിനുള്ളിൽ പത്ത് കിലോമീറ്റർ ഉള്ളിലാണ് ഏറ്റുമുട്ടൽ നടന്നത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ. പരിക്കറ്റ രണ്ട് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഏറ്റമുട്ടൽ തുടരുകയാണ്. മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. ഇതിനിടെ അനന്തനാഗിലും ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരെ സുരക്ഷ സേന വധിച്ചു.

ഇതിനിടെ തീവ്രവാദികളെ അനുകൂലിക്കുന്ന 700 പേരെ തടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കശ്മീർ താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം