അച്ഛനെതിരെ പരാതി നല്‍കാന്‍ 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി

By Web TeamFirst Published Nov 17, 2020, 1:12 PM IST
Highlights

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
 

കേന്ദ്രപദ(ഒഡിഷ): സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നതിനെതിരെ പരാതി നല്‍കാന്‍ ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റര്‍. ഒഡിഷയിലെ കേന്ദ്രപദയിലാണ് സംഭവം. കല്ക്ടറേറ്റിലെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കലക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനില്‍ നിന്ന് പിടിച്ചെടുത്ത് പെണ്‍കുട്ടിക്ക് നല്‍കാനും കലക്ടര്‍ സമര്‍ഥ് വെര്‍മ നിര്‍ദേശിച്ചു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നല്‍കിയത്. തനിക്ക് അക്കൗണ്ട് ഉണ്ടായിട്ടും അച്ഛന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും തന്റെ പേരിലുള്ള ഭക്ഷ്യധാന്യം പിതാവ് സ്‌കൂളില്‍ നിന്ന് വാങ്ങിയെന്നും പെണ്‍കുട്ടി ആരോപിച്ചു. 

രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയുടെ അമ്മ മരിച്ചത്. തുടര്‍ന്ന് അച്ഛന്‍ വേറെ വിവാഹം കഴിക്കുകയും പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അമ്മാവന്റെ കൂടെ താമസിച്ചാണ് കുട്ടി പഠിക്കുന്നത്.
 

click me!