
ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായമാകാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മത സംഘടനകളുടെ സ്വത്തിന്‍റെ 80 ശതമാനം നല്‍കാന്‍ ആവശ്യപ്പെടണമെന്ന നിര്‍ദേശവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. നിലവിലെ ആരോഗ്യ മേഖലയിലെ അടിയന്തരാവസ്ഥ ഉടന്‍ തന്നെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എത്തും. നിരവധി തൊഴിലാളികള്‍ പട്ടിണിയിലാകും. ഈ അവസരത്തില്‍ മത സാമുദായിക ട്രസ്റ്റുകള്‍ക്ക് ദൈവത്തിന്‍റെ പണത്തില്‍ നിന്ന് 80 ശതമാനം സംഭാവന നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിനവ് ശര്‍മ ആവശ്യപ്പെടുന്നത്. ഈ ആവശ്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് അഭിനവ്.
എല്ലാ മതങ്ങളിലുള്ള ട്രസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം കര്‍ശനമാക്കണമെന്നാണ് ഈ പതിനഞ്ചുകാരന്‍റെ ആവശ്യം. ദൈവത്തിന്‍റെ പേരില്‍ സമ്പാദിക്കുന്നതിന്‍റെ 80 ശതമാനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കണമെന്ന അഭിനവിന്‍റെ നിര്‍ദേശത്തിന് ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡെറാഡൂണ്‍ സ്വദേശിയാണ് ഈ മിടുക്കന്‍. മത സാമുദായിക സംഘടനകള്‍ ഇത്തരത്തില്‍ സഹായിക്കുകയാണെങ്കില്‍ മറ്റ് രീതിയില്‍ പണം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടാവില്ലെന്നും അഭിനവ് വിശദമാക്കുന്നു. പള്ളി, ക്ഷേത്രം, ഗുരുദ്വാര, മസ്ജിദ് എന്നിവയെല്ലാം ഇത്തരത്തില്‍ പണം നല്‍കിയാല്‍ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. പാവപ്പെട്ടവര്‍ കഴിക്കാനൊന്നും ലഭിക്കാതെ പട്ടിണി കിടന്ന് മരിക്കുന്ന ഘട്ടത്തിലേക്കാണ് രാജ്യം പോകുന്നത്. ലോക്ക് ഡൌണ്‍ രാജ്യത്തിന്‍റെ ധനവിനിമയത്തെ കാര്യമായി ബാധിക്കുമെന്നും അഭിനവ് കത്തില്‍ പറയുന്നു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങാനാവാതെ കുടുങ്ങുന്ന ദൃശ്യങ്ങളാണ് വാര്‍ത്തകളില്‍ കാണുന്നത്. അവരുടെ അവസ്ഥ അത്ര ദയനീയമായതാവും സ്വദേശത്തേക്ക് പലായനം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നും ഈ പതിനഞ്ചുകാരന്‍ നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നിര്‍ദേശങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനനുള്ള കാത്തിരിപ്പിലാണ് ഈ മിടുക്കന്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട് ടൈംസ് നൌ