ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടയിടും, ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം: ശിവസേന എംപി

By Web TeamFirst Published Jul 17, 2019, 4:00 PM IST
Highlights

രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്‍റെ വാദം ഉന്നയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദില്ലി: കോഴിയിറച്ചിയും കോഴിമുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സ‍ഞ്ജയ് റാവത്ത് രാജ്യസഭയില്‍. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് തന്‍റെ വാദം ഉന്നയിച്ചത്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീനിനായി ആയുര്‍വേദ മുട്ട കഴിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ ആദിവാസികൾ തനിക്ക് ആയുർവേദിക് ചിക്കൻ നല്‍കി. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ ആയുര്‍വേദ കോഴിയെ വളർത്തുന്നതെന്നും റാവത്ത് പറഞ്ഞു.  കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്‍റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് ആരോപിച്ചു. പരാമര്‍ശത്തെ തുടര്‍ന്ന് സഞ്ജയ് റാവത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ പരിഹാസം തുടരുകയാണ്. ട്വിറ്ററില്‍ എംപിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി. 
 

click me!