
തിരുവനന്തപുരം: ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനമായി വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദി സർക്കാരിന് ഭയമാണ്. പകരം വർഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് സുപ്രീം കോടതി ആഘാതമേൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്. കേന്ദ്ര സർക്കാറിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ ഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More... ഇഡിക്ക് തിരിച്ചടി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ചു
അരവിന്ദ് കെജ്‌രിവാളിന് ജയിൽ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam