Coal Crisis : ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രം

Published : May 29, 2022, 08:43 AM ISTUpdated : May 29, 2022, 08:51 AM IST
Coal Crisis : ഇറക്കുമതിയിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രം

Synopsis

ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോൾ ഇന്ത്യ' കൽക്കരി സംഭരിക്കും; സംസ്ഥാനങ്ങൾ പ്രത്യേകം ഇറക്കുമതി ചെയ്യേണ്ടെന്ന് കേന്ദ്രം

ദില്ലി: രാജ്യത്തെ കൽക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോൾ ഇന്ത്യ'യാകും കൽക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ രാജ്യം സമാനതകളില്ലാത്ത കൽക്കരി ക്ഷാമത്തെ നേരിട്ടിരുന്നു. 6 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് രാജ്യം നേരിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഊർജ ഉത്പാദനത്തെ അടക്കം ഇത് സാരമായി ബാധിച്ചു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനത്തിനും ഇടയാക്കി. സമാന സാഹചര്യം ഇക്കുറി ഉണ്ടാകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഈ വർഷം മൂന്നാം പാദത്തിൽ രാജ്യത്ത്  കൽക്കരി ക്ഷാമം വീണ്ടും കടുക്കുമെന്ന് റിപ്പോ‍ർട്ടുകൾ ഉണ്ടായിരുന്നു.

ഉത്പാദനം കൂടിയിട്ടും കൽക്കരി ഇറക്കുമതി

ഇന്ത്യയിലെ കൽക്കരി ഉത്പാദനം കഴിഞ്ഞ മാസം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. ഏപ്രിലിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ വർധനവുണ്ടായി. ഇത് റെക്കോർഡ് ഉൽപ്പാദനമാണെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആശ്വാസ റിപ്പോർട്ട് കേന്ദ്രം പുറത്തുവിട്ടത്.

സിംഗരേണി കോളറീസ് കമ്പനി ലിമിറ്റഡിന്റെ (എസ്‌സി‌സി‌എൽ) കൽക്കരി ഉൽ‌പാദനം 53.23 ലക്ഷം ടണ്ണാണ്. ക്യാപ്റ്റീവ് ഖനികളിൽ നിന്നുള്ള ഉൽ‌പാദനം കഴിഞ്ഞ മാസം 73.61 ലക്ഷം ടണ്ണായി. അതേസമയം കൽക്കരി ഉപഭോഗം 708.68 ലക്ഷം ടണ്ണാണ്. ഊർജ്ജ മേഖലയിൽ മാത്രം ഏപ്രിൽ മാസത്തിൽ 617.2 ലക്ഷം ടൺ ഉപഭോഗമുണ്ടായി. കോൾ ഇന്ത്യയിൽ നിന്ന് മാത്രം 497.39 ലക്ഷം ടൺ കൽക്കരിയാണ് ഊർജ്ജ മേഖലയിൽ ഉപഭോഗം ഉണ്ടായത്.

രാജ്യത്ത് 2021-22 സാമ്പത്തിക വർഷത്തിലെ മൊത്തം കൽക്കരി ഉൽപ്പാദനം 7770.23 ലക്ഷം ടൺ ആയിരുന്നു. 2020-21 ലെ 7160 ലക്ഷം ടണ്ണിൽ നിന്ന് 8.55 ശതമാനം വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൽക്കരി ഉൽപ്പാദനത്തിൽ രേഖപ്പെടുത്തി. കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉൽപ്പാദനം 2020-21 ലെ 5960.24 ലക്ഷം ടണ്ണിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 6220.64 ലക്ഷം ടണ്ണായി 4.43 ശതമാനം വർധിച്ചു.

എന്നാൽ പ്രതിസന്ധി നേരിടാൻ ഇതുമാത്രം മതിയാകില്ല എന്ന് കണ്ടാണ് ഇറക്കുമതി തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ എത്തിയത്.

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്