രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കർ, അടിയന്തര യോഗം വിളിച്ച് എഐസിസി

By Web TeamFirst Published Mar 24, 2023, 6:17 AM IST
Highlights

ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്

 

ദില്ലി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.

അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. 

പാർട്ടിയും അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കും .വൈകീട്ട് 5 മണിക്ക് എ ഐ സി സി ആസ്ഥാനത്ത് യോഗം

 

മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക്  2 വർഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.  

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ  പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

ശിക്ഷാവിധി വന്നപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ പാര്‍ലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനായിക്കഴിഞ്ഞു: കപിൽ സിബൽ

click me!