അമിത്ഷായുടെ രാജി ആവശ്യത്തില്‍ പാർലമെന്‍റ് പ്രക്ഷുബ്ധമാകും; അനുരാഗ് താക്കൂറിനെതിരെയും പ്രതിപക്ഷം ആഞ്ഞടിക്കും

By Web TeamFirst Published Feb 29, 2020, 1:51 PM IST
Highlights

പ്രതിപക്ഷം സമൂഹത്തെ വിഭജിക്കുന്നു എന്നാരോപിച്ച് തിരിച്ചിക്കാനാണ് ബിജെപി തീരുമാനം

ദില്ലി: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പാർലമെൻറിൽ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. കേന്ദ്രമന്തി അനുരാഗ് താക്കൂറിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടും ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കും. ദില്ലി കലാപത്തിന്‍റെ പേരിൽ അമിത് ഷായെ പുറത്താക്കണം എന്ന് രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ദില്ലി കലാപത്തിന്‍റെ പേരിൽ പ്രക്ഷുബ്ധമാകും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയ്ക്ക് കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

അമിത് ഷായുടെ രാജി ഇടതുപക്ഷവും ആവശ്യപ്പെടുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. അനുരാഗ് താക്കൂറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നല്‍കണമെന്ന് ഇന്നലെ ഇടതുപാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

ബിജെപി നേതാക്കളുടെ പ്രസ്താവനകളും പ്രതിപക്ഷം ആയുധമാക്കും. പ്രതിപക്ഷം സമൂഹത്തെ വിഭജിക്കുന്നു എന്നാരോപിച്ച് തിരിച്ചിക്കാനാണ് ബിജെപി തീരുമാനം. ദില്ലി കലാപത്തിൽ സർക്കാർ കൈക്കൊണ്ട നടപടി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വിശദീകരിക്കാനാണ് ആലോചന. 

click me!