2014 തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചു; വെളിപ്പെടുത്തലുമായി മുതിര്‍ന്ന നേതാവ്

By Web TeamFirst Published Jan 21, 2020, 11:32 AM IST
Highlights

യുപിഎ ഘടക കക്ഷകളും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിന് പച്ചക്കൊടി വീശി.

ബെംഗളൂരു: 2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ആലോചിച്ചിരുന്നതായി മുതിര്‍ന്ന നേതാവ് കെഎച്ച് മുനിയപ്പ. 2012ലാണ് മന്‍മോഹന്‍ സിംഗിനെ മാറ്റി രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ആലോചന വന്നത്. എന്നാല്‍, പ്രസിഡന്‍റ് സോണിയാ ഗാന്ധി എതിര്‍ത്തു. യുപിഎ ഘടക കക്ഷകളും രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിന് പച്ചക്കൊടി വീശി. ഡിഎംകെ നേതാവ് കരുണാനിധിയടക്കമുള്ളവര്‍ ഇക്കാര്യം സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തു. 

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രവര്‍ത്തന മികവിനെ ചോദ്യം ചെയ്തല്ല അത്തരമൊരു ആലോചന വന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതുമുഖത്തെ ആവശ്യമാണെന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസും യുപിഎയും ആലോചിച്ചത്. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുനിയപ്പ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. അന്നത്തെ തീരുമാനം നടപ്പായിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള മാറ്റമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ പ്രസിഡന്‍റാക്കാന്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടായിരുന്നില്ല. നിലവില്‍ രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തണം. അദ്ദേഹത്തിനായി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുകയും മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് വഴികാട്ടുകയും വേണമെന്നും മുനിയപ്പ പറഞ്ഞു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് മോദി ദേശീയ നേതാവായി ഉയര്‍ന്നുവരികയും പ്രധാനമന്ത്രിയായതും.

തെരഞ്ഞെടുപ്പില്‍ 45 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതികള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ഭരണവിരുദ്ധ വികാരം മുതലെടുത്ത് മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി. 2019ലും മോദി അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയും ചെയ്തു. 

click me!