
ദില്ലി : കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. ശശി തരൂർ മത്സരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി
രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപാടിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്.
ഗലാം നബി ആസാദിന് അധികാരം ഉണ്ടായിരുന്നപ്പോൾ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം .നരേന്ദ്ര മോദിയെ നേരിടാൻ കോൺഗ്രസ് ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും കെ സി വേണുഗോപാൽ പറഞ്ഞു
ഭാരത് ജോഡോ യാത്ര നയിക്കാൻ പാർട്ടിയിൽ രാഹുൽ ഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 95 ശതമാനം പേരും ആഗ്രഹിക്കുന്നെങ്കിലും അധ്യക്ഷനാവില്ല എന്ന രാഹുലിൻറെ നിലപാടിൽ മാറ്റമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുതിയ ശക്തി പകരുമെന്നും കെസി വേണുഗോപാൽ അവകാശപ്പെട്ടു. 18 പേർ സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയിൽ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു
ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി കന്യാകുമാരി
ഇതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി കന്യാകുമാരി.ബുധനാഴ്ച ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുക.നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്നു പോകുന്ന പദയാത്ര സെപ്തംബർ 11ന് കേരളത്തിലേക്ക് പ്രവേശിക്കും
ഇന്ത്യയിലെ സാധാരണക്കാരനെ തൊട്ടറിയാൻ രാഹുൽ ഗാന്ധി ഇറങ്ങുന്പോൾ കോൺഗ്രസ്സിന് പ്രതീക്ഷകൾ ഏറെയാണ്. ഭാരത് ജോഡോ യാത്ര തുടക്കം ഗംഭീരമാക്കനുള്ള അണിയറ പ്രവർത്തനത്തിലാണ് കോൺഗ്രസ്സിന്റ തമിഴ്നാട് ഘടകം. കാർത്തി ചിദംബരം അടക്കം മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചുവരെഴുത്തുകളും ഗൃഹസന്ദർശനവുമെല്ലാമായി ജാഥ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.
ദേശീയ സംഘാടക സമിതിക്ക് പുറമെ സംസ്ഥാന,ജില്ലാ,നിയോജക മണ്ഡലം തലത്തില്‍ കോഡിനേഷന്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്നാണ് മുദ്രാവക്യം.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ സമാപനം. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് : രാഹുൽഗാന്ധി ഗുജറാത്തിൽ ; പ്രവർത്തകരുമായി സംവദിക്കും
ദില്ലി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്ത് തല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമവും രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെ കൂടിയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുന്നത്.എന്നാൽ ഇതിനിടെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് വകേല രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയായി.കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചും ഒരു കോടിയിലധികം രൂപ പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതും അടക്കം ഉന്നയിച്ചാണ് വിശ്വനാഥ പാർട്ടി വിട്ടത്