'മോദി എന്തിനും മടിക്കില്ല'; ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്

By Web TeamFirst Published Nov 9, 2020, 2:37 PM IST
Highlights

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ നരന്ദ്ര മോദിയുടെ ചിത്രങ്ങൾ മാത്രമുള്ള ബോര്‍ഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. 

പാറ്റ്‍ന: ബീഹാറില്‍ കുതിരക്കച്ചവടം നടക്കുമോയെന്ന് ഭയമുണ്ടെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് ശ്യാംസുന്ദര്‍ സിംഗ്. മോദി എന്തിനും മടിക്കില്ല, എന്നാല്‍ ആത്മാര്‍ത്ഥതയുള്ള നേതാക്കളെ വിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശ്വാസം. കുതിരക്കച്ചവടം തടയാനുള്ള ജാഗ്രത ഹൈക്കമാന്‍റിനുണ്ടെന്നും ശ്യാം സുന്ദര്‍ സിംഗ് പറഞ്ഞു. ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോൾ ഏവരും കരുതിയത് നിതീഷ് കുമാറിന് തുടര്‍ച്ചയായ നാലാം ഭരണം എന്നാണ്. എന്നാൽ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതൽ മുന്നേറുന്നതിന്‍റെ കാഴ്ചകൾ പുറത്തുവന്നതോടെ സ്ഥിതി മാറി. 

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ നരന്ദ്ര മോദിയുടെ ചിത്രങ്ങൾ മാത്രമുള്ള ബോര്‍ഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. ചില എക്സിറ്റ്പോളുകൾ നൽകുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാൽ പ്രതിപക്ഷ ചേരിക്ക് അത് വൻ ഊര്‍ജ്ജം പകരും. 2019ന് ശേഷം തളര്‍ന്നുകിടന്ന പ്രതിപക്ഷം ആദ്യം മഹാരാഷ്ട്രയിൽ അട്ടിമറിയിലൂടെയും പിന്നീട് ഝാര്‍ഖണ്ഡിലും ദില്ലിയിലും ഭരണം പിടിച്ചതോടെ ദേശീയതലത്തിൽ സജീവമായി. ബീഹാര്‍ കൂടി നേടിയാൽ അടുത്ത മൂന്നര വര്‍ഷം നരേന്ദ്ര മോദിയെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രതിപക്ഷത്തിനാകും. 

ബീഹാറിൽ പിടിച്ചുനിന്നാൽ ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങൾ മറികടക്കാനുള്ള അവസരമാകും എൻഡിഎക്ക്. മറിച്ചെങ്കിൽ കേന്ദ്ര സര്‍ക്കാരിന്‍റെ ഒന്നര വര്‍ഷത്തെ നയങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടാം. പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പ് പുറത്തേക്ക് വരാനുള്ള സാധ്യത തള്ളാനാകില്ല. ഇതിനിടെ തൂക്കു നിയമസഭയെങ്കിൽ എംഎൽഎമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ പ്രതിപക്ഷത്ത് തുടങ്ങിയിട്ടുണ്ട്. രണ്‍ദീപ് സുര്‍ജേവാല, അവിനാഷ് പാണ്ഡെ തുടങ്ങിയ നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി. കടുത്ത മത്സരമെങ്കിൽ ചിരാഗ് പസ്വാനെയും ചെറിയ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങൾ ബിജെപിയും തുടങ്ങികഴിഞ്ഞു.


 

click me!