രാജ്യത്തിന് വേണ്ടി സംഭാവന ചോദിച്ച് കോൺഗ്രസ് കാമ്പയിൻ; എന്നാൽ അതേ പേരിലുള്ള വെബ്‍സൈറ്റ് ബിജെപിയുടേതും

Published : Dec 18, 2023, 03:09 PM IST
രാജ്യത്തിന് വേണ്ടി സംഭാവന ചോദിച്ച് കോൺഗ്രസ് കാമ്പയിൻ; എന്നാൽ അതേ പേരിലുള്ള വെബ്‍സൈറ്റ് ബിജെപിയുടേതും

Synopsis

18 വയസോ അതിന് മുകളിലോ പ്രായമുള്ള ഓരോരുത്തരില്‍ നിന്നും 138 രൂപയോ അല്ലെങ്കില്‍ 138ന്റെ ഗുണിതങ്ങളോ ആണ് കോണ്‍ഗ്രസ് പാര്‍ട്ടി 'ഡൊണേറ്റ് ഫോര്‍ ദേശ്' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

ന്യൂഡല്‍ഹി: അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ഫണ്ട് സമാഹരണ ക്യാമ്പയിന് തുടക്കമായി. അടുത്ത വര്‍ഷം ലോക്സഭാ തെര‍ഞ്ഞെടുപ്പ് വരാനിരിക്കെ നടക്കുന്ന വിപുലമായ പരിപാടിക്ക് 'ഡൊണേറ്റ് ഫോര്‍ ദേശ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 

18 വയസോ അതിന് മുകളിലോ പ്രായമുള്ള ഓരോരുത്തരില്‍ നിന്നും 138 രൂപയോ അല്ലെങ്കില്‍ 138ന്റെ ഗുണിതങ്ങളോ ആണ് കോണ്‍ഗ്രസ് പാര്‍ട്ടി 'ഡൊണേറ്റ് ഫോര്‍ ദേശ്' കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കാമ്പയിനിന്റെ ഹാഷ് ടാഗുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അതേസമയം 'ഡൊണേറ്റ് ഫോര്‍ ദേശ്' എന്ന പേരിലുള്ള വെബ്‍സൈറ്റ് പ്രവര്‍ത്തിക്കുന്നതാവട്ടെ ബിജെപിയുടെ പേരിലും. donatefordesh.org എന്ന വെബ്‍സൈറ്റ് വിലാസം നല്‍കിയാല്‍ ബിജെപിക്ക് സംഭവാന തേടുന്ന പേജിലാണ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ബിജെപിയെക്കുറിച്ചുള്ള വിവരങ്ങളും ദൃശ്യമാവുന്നതിനൊപ്പം ബിജെപിയില്‍ ചേരാനും സംഭാവനകള്‍ നല്‍കാനുമുള്ള ലിങ്കുകളും ഈ വെബ്‍സൈറ്റില്‍ ലഭ്യമാണ്. 

അതേസമയം donatefordesh.com എന്ന വെബ്‍സൈറ്റ് വിലാസവും donatefordesh.in എന്ന വെബ്‍സൈറ്റ് വിലാസവും തുറന്നാല്‍ വലതുപക്ഷ അനുകൂല മാധ്യമമായ Opindiaക്ക് സംഭാവന നല്‍കാനുള്ള പേജിലേക്ക് എത്തുകയും ചെയ്യും. നിലവില്‍ donateinc.in എന്ന കോണ്‍ഗ്രസിന് പൊതുവായുള്ള ധനസമാഹരണ വെബ്സൈറ്റ് തന്നെയാണ് കോണ്‍ഗ്രസിന്റെ ഡൊണേറ്റ് ഫോര്‍ ദേശ് കാമ്പയിന് വേണ്ടിയും ഇപ്പോള്‍ പാര്‍ട്ടി ഉപയോഗിക്കുന്നത്. 

എന്നാല്‍, നൂറുവർഷങ്ങൾക്കുമുമ്പ് 1920-21ൽ മഹാത്മാ ഗാന്ധി ആരംഭിച്ച ചരിത്രപ്രസിദ്ധമായ 'തിലക് സ്വരാജ് ഫണ്ടിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സംരംഭമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാഷ്ട്രീയ നീക്കമെന്ന നിലയിൽ പാര്‍ട്ടിയുടെ സ്ഥാപക ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനമായ നാഗ്പൂരിൽ ഒരു മെഗാ പൊതു റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. എല്ലാ മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കും.

10 ലക്ഷം പേരെങങ്കിലും റാലിയില്‍ പങ്കെടുക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. ഓൺലൈൻ ക്രൗഡ് ഫണ്ടിംഗിനായി പാർട്ടി രണ്ട് ചാനലുകൾ സൃഷ്ടിച്ചിട്ടുണ്ട്. വാർത്താ സമ്മേളനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബോധവൽക്കരണം നടത്താൻ എല്ലാ സംസ്ഥാന യൂണിറ്റുകളോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്കും വോളന്റിയർമാർക്കും 138 രൂപയും അതിൽ കൂടുതലും സംഭാവനയായി എല്ലാ ബൂത്തിലും കുറഞ്ഞത് പത്ത് വീടുകളിൽ എത്താനുമാണ് ലക്ഷ്യമിടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു