പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും

By Web TeamFirst Published Jan 28, 2021, 10:43 AM IST
Highlights

അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ, മുൻ എംഎൽഎ ഉൾപ്പടെയാണ് രാജി വെച്ചത്.

പുതുച്ചേരി: തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ രാജി വച്ചു. നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. പ്രശ്‍നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്ന് പരാതിപ്പെട്ടാണ് രാജി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ അറുമുഖം നമശിവായത്തിന്‍റെ രാജിക്ക് പിന്നാലെയാണ് പ്രധാന ഭാരവാഹികള്‍ അടക്കം പാര്‍ട്ടി വിട്ടത്. മുന്‍ എംഎല്‍എ , അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, കോണ്‍ഗ്രസ് യുവജന വിഭാഗം അധ്യക്ഷന്‍, എഐസിസി സാമൂഹ്യമാധ്യമ ചുമതലയുള്ള ഡി കാമരാജ് ഉള്‍പ്പടെയാണ് രാജി വച്ചത്. 

തെക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുള്ള യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസ് വിട്ടു. മുഖ്യമന്ത്രി നാരായണസ്വാമിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്‍. പുതുച്ചേരി കോണ്‍ഗ്രസ് നേതൃത്വം നിര്‍ജ്ജീവമാണെന്നും ഹൈക്കമാന്‍ഡ് ഇടപെടുന്നില്ലെന്നും പരാതിപ്പെട്ടാണ് രാജി. പുതുച്ചേരിയിലെത്തുന്ന ജെ പി നദ്ദയെ കണ്ട് ബിജെപി അംഗത്വം സ്വീകരിക്കും. സ്ഥാനമോഹികളായ നേതാക്കളാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ജനം ഇവര്‍ക്ക് മറുപടി നല്‍കുമെന്നും നാരായണസ്വാമി പറഞ്ഞ‌ു. 32 അംഗസഭയില്‍ 16 എംഎല്‍എ മാരുടെ പിന്തുണയാണ് നാരായണസ്വാമി സര്‍ക്കാരിനിപ്പോള്‍ ഉള്ളത്. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടുമെന്നാണ് വിമത നേതാക്കളുടെ ഭീഷണി. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിയിലേക്ക് മടങ്ങി ദിവസങ്ങള്‍ക്കകമാണ് പാര്‍ട്ടിയില്‍ കൂട്ടരാജി. 

click me!