
ദില്ലി: കോൺഗ്രസ് പാർട്ടി വിട്ട ഗുലാം നബി ആസാദിൻ്റെ മടങ്ങിവരവിൽ നിലവിൽ ചർച്ചകളില്ലെന്ന് എഐസിസി നേതൃത്വം. ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത് പ്രതിപക്ഷ ഐക്യത്തിൻ്റെ പേരിൽ. രാഹുൽ ഗാന്ധിക്കെതിരായ മുൻ പ്രസ്താവനയിൽ ആസാദ് ഖേദം പ്രകടിപ്പിക്കണമെന്നാണ് പൊതുവികാരം. ആസാദിനൊപ്പമുള്ള നേതാക്കൾ മടങ്ങി വരാൻ താൽപര്യമറിയിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.
നേരത്തെ, ആസാദ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, വാർത്ത തള്ളി അദ്ദേഹം രംഗത്തെത്തി. വാർത്ത തന്നെ ഞെട്ടിച്ചെന്നും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഗുലാം നബി കോൺഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വാർത്ത നൽകിയത്. നാലു മാസം മുമ്പാണ് കോൺഗ്രസിനെ ഞെട്ടിച്ച് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു. എന്നാൽ, പാർട്ടിക്ക് വേണ്ടത്ര ശ്രദ്ധ നേടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗുലാം നബി കോൺഗ്രസിലേക്കു തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ഗുലാം നബി ചർച്ച നടത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
''ഞാൻ കോൺഗ്രസിലേക്കു തിരിച്ചുപോകുന്നു എന്ന് എഎൻഐ റിപ്പോർട്ട് ചെയ്ത വാർത്ത എന്നെ ഞെട്ടിച്ചു. എന്നെ പിന്തുണയ്ക്കുന്നവരുടെയും പാർട്ടിയിലെ നേതാക്കളുടെയും മനോവീര്യം ഇല്ലാതാക്കാനായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിത്. കോൺഗ്രസ് പാർട്ടിയോടോ അതിന്റെ നേതൃത്വത്തോടോ യാതൊരു വിരോധവുമില്ല. എന്നാൽ ഇത്തരത്തിൽ കഥകൾ മെനയുന്നവർ അതിൽനിന്ന് പിന്മാറണമെന്നാണ് അഭ്യർഥിക്കുന്നത്''.- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പു സമയത്ത് ഗുലാം നബി ആസാദ് കോൺഗ്രസിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോൺഗ്രസിനു മാത്രമേ ബിജെപിയെ നേരിടാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന ചർച്ചകൾക്ക് തുടക്കമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam