
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രതിപക്ഷ നേതൃ സ്ഥാനം പോലും അവകാശപ്പെടാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞു ആ പാർട്ടി.
എന്തുകൊണ്ടാണ് തോറ്റതെന്നാണ് കോൺഗ്രസ് ഇപ്പോൾ പരിശോധിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്. ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. യോഗ പതിവായി ചെയ്യുന്നവർക്ക് അച്ഛേ ദിൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കോൺഗ്രസ് തോറ്റതിന്റെ കാരണം പറയുന്നതിന് തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയാണ് ബാബ രാംദേവ് സംസാരിച്ചത്. പിന്നാലെ രാഹുൽ ഗാന്ധി യോഗ ചെയ്യാത്തതാണ് കോൺഗ്രസിന്റെ തോൽവിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.
"മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരായിരുന്നു. എന്നാലവരുടെ പിന്ഗാമിയായ രാഹുൽ ഗാന്ധി യോഗ ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം തോറ്റുപോയത്. യോഗ ചെയ്യുന്നവർ അച്ഛേ ദിൻകാണുന്നു," രാംദേവ് പറഞ്ഞു.
എന്നാൽ ഒരു വർഷം മുൻപ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യുന്നവരാണെന്ന പ്രസ്താവനയും ബാബ രാംദേവ് നടത്തിയിരുന്നു. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്തരത്തിലുള്ള പ്രസ്താവന. രാഹുൽ ഗാന്ധിയുമായി നല്ല സൗഹൃദത്തിലാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam