കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന്

By Web TeamFirst Published Jul 8, 2019, 5:41 AM IST
Highlights

വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്.

ബെംഗളൂരു: കർണാടകത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ  ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിർണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിൽ വച്ചാണ് യോഗം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്.

രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി വരെ ചർച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങൾ പരഗണിക്കാൻ തയ്യാറെന്ന് കുമാരസ്വാമി കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

നാളെ സ്പീക്കർ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോർമുല ഉണ്ടാക്കാനാണ് നീക്കം. രാജി പിൻവലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നു. അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാർട്ടി ആസ്ഥാനത്ത് ചേരും.

click me!