ഡിസ്റ്റിലറിയില്‍ മദ്യനിര്‍മ്മാണം നിര്‍ത്തി, സാനിറ്റൈസറുണ്ടാക്കി സൗജന്യമായി വിതരണം ചെയ്ത് കോൺ​ഗ്രസ് എംഎൽഎ

By Web TeamFirst Published Apr 1, 2020, 10:35 AM IST
Highlights

തന്റെ മണ്ഡലമായ കപുര്‍ത്തലയിലാണ് സാനിറ്റൈസറുകള്‍ നിർമിച്ച് ഗുര്‍ജിത് സിം​ഗ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 

ലുധിയാന: കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ സ്വന്തം ഡിസ്റ്റിലറിയില്‍ മദ്യ നിര്‍മ്മാണം നിര്‍ത്തി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് കോണ്‍ഗ്രസ് എംഎല്‍എ റാണ ഗുര്‍ജിത് സിം​ഗ്. സൗജന്യമായാണ് ​ഗുര്‍ജിത് സിം​ഗ് സാനിറ്റൈസറുകൾ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണില്‍ ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായതോടെ ഗുര്‍ജിത് സിം​ഗ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയായിരുന്നു. 

തന്റെ മണ്ഡലമായ കപുര്‍ത്തലയിലാണ് സാനിറ്റൈസറുകള്‍ നിർമിച്ച് ഗുര്‍ജിത് സിം​ഗ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഡിസ്റ്റിലറികളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് എംഎല്‍എ തന്റെ ഡിസ്റ്റിലറിയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചതെന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

'കഴിഞ്ഞ ഒരാഴ്ച കൊണ്ട് അരലിറ്റര്‍ വീതമുള്ള 5000ത്തോളം കുപ്പി സാനിറ്റൈസറുകള്‍ നിര്‍മിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്തു. എല്ലാ സുരക്ഷയും പാലിച്ചുകൊണ്ട് ഞാന്‍ തന്നെയാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്. ഇനിയും സാനിറ്റൈസറുകള്‍ നിര്‍മിച്ച് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൂടി വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്,'ഗുര്‍ജിത് സിം​ഗ് പറഞ്ഞു.

click me!