രാജസ്ഥാനിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എ, രാജിവെച്ചു

By Web TeamFirst Published Aug 15, 2022, 9:01 PM IST
Highlights

തന്‍റെ സമുദായത്തിലുള്ളവർക്ക് നേരെ അതിക്രമങ്ങൾ ആവർത്തിക്കുമ്പോൾ എം എൽ എ ആയി തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് രാജി.

ജയ്പൂര്‍: രാജസ്ഥാനിൽ അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എൽ എ രാജിവെച്ചു. അട്റു മണ്ഡലത്തിൽ നിന്നുള്ള എം എൽ എ പനചന്ദ് മേഗ്വാൾ ആണ് രാജിവെച്ചത്. തന്‍റെ സമുദായത്തിലുള്ളവർക്ക് നേരെ അതിക്രമങ്ങൾ ആവർത്തിക്കുമ്പോൾ എം എൽ എ ആയി തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് രാജി. മേൽജാതിക്കാരായ അധ്യാപകർക്കുള്ള വെള്ളം കുടിച്ചതിന്‍റെ പേരിൽ മർദ്ദനമേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ച സംഭവം അങ്ങേയറ്റം വേദനിപ്പിച്ചെന്നും മേഗ്വാൾ പറഞ്ഞു.  ഇനി മുതൽ സ്ഥാനങ്ങൾ ഒന്നുമില്ലാതെ തന്‍റെ സമുദായത്തിന് വേണ്ടി പ്രവർത്തിക്കും. ഇതിനിടെ ദളിതർക്ക് നേരെയുള്ള അതിക്രമം വർധിക്കുന്നുവെന്നും പ്രത്യേകം നിയമസഭ കൂടി വിഷയം ചർച്ച ചെയണം എന്നും രാജസ്ഥാനിലെ മറ്റൊരു കോണ്‍ഗ്രസ് എം എൽ എ ആയ ബാബുലാൽ ബൈർവ ആവശ്യപ്പെട്ടു. 

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് ജാതിക്കൊല നടന്നത്.  സരസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍  എന്ന ഒമ്പത് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മേൽജാതിക്കാരായ അധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്‍റെ പേരിലായിരുന്നു ക്രൂര മർദ്ദനം. കഴിഞ്ഞ മാസം ഇരുപതിന് നടന്ന സംഭവത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടി ശനിയാഴ്ച്ചയാണ് മരിച്ചത്. 

പ്രതിയായ അധ്യാപകൻ ചെയിൽ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്ക് മേൽ കൊലക്കുറ്റവും ദളിത് പീഡന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടിയുടെ മരണത്തിൽ പ്രതിഷേധം കനത്തതോടെ പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു.

click me!