മോദി സ്തുതി: ജയറാം രമേശിനെയും ശശി തരൂരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ദേശീയനേതാവ്

By Web TeamFirst Published Aug 28, 2019, 7:40 PM IST
Highlights

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പോകുന്നവര്‍ക്ക് അത് നേരിട്ട് പറഞ്ഞാല്‍ മതി. പാര്‍ട്ടിയെയും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെയും നശിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബംഗളൂരു: മോദി സ്തുതിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ദേശീയ നേതാവ് വീരപ്പ മൊയ്‍ലിയും രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, ശശിതരൂര്‍ എന്നിവര്‍ക്കെതിരെയാണ് വീരപ്പ മൊയ്‍ലി പരസ്യ വിമര്‍ശനമുന്നയിച്ചത്. രണ്ടാം യുപിഎയുടെ നയ വൈകല്യത്തിന് പ്രധാന കാരണം ജയറാം രമേശാണെന്നും വീരപ്പ മൊയ്‍ലി തുറന്നടിച്ചു. മോദിയെ സ്തുതിച്ച് ജയറാം രമേശും ശശി തരൂരും രംഗത്തെത്തിയത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. കോണ്‍ഗ്രസ് വിട്ട് പോകുന്നവര്‍ക്ക് അത് നേരിട്ട് പറഞ്ഞാല്‍ മതി. പാര്‍ട്ടിയെയും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെയും നശിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് കാര്യങ്ങള്‍ ശരിയായിരുന്നില്ലെന്ന് മൊയ്‍ലി പറഞ്ഞു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കലിന് നിരവധി തടസ്സങ്ങളുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചു. മോദിക്ക് അനുകൂലമായി പ്രസ്താവനയിറേക്കണ്ടവര്‍ കോണ്‍ഗ്രസ് പാര്‍ട്ടില്‍നിന്നോ നേതൃ സ്ഥാനത്ത് നിന്നോ അത് ചെയ്യേണ്ടതില്ല. അധികാരത്തിന്‍റെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അധികാരികളുമായി അകലം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രാഷ്ട്രീയക്കാരനെന്ന നിലയില്‍ ശശി തരൂര്‍ കുറച്ചുകൂടി പക്വത കാണിക്കണം. മാധ്യമങ്ങളില്‍ ഇടം നേടാനാണ് പലപ്പോഴും തരൂര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഗൗരവത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഗൗരവമേറിയ രാഷ്ട്രീയക്കാരനായി മാറുമെന്നാണ് പ്രതീക്ഷയെന്നും മൊയ്‍ലി പറഞ്ഞു. ദേശീയതലത്തിലും സംസ്ഥാന തലത്തിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.  

click me!