
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനടക്കം സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. കേരളത്തിൽ മധുസൂദനൻ മിസ്ത്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചെയര്‍പേഴ്സണായി പ്രിയങ്ക ഗാന്ധിയെയും തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിങ് ദിയോയെയും പശ്ചിമം ബംഗാളിലേക്ക് ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി എഐസിസി നിയമിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളിൽ കേരളത്തിലെ 70 സ്ഥാനാർത്ഥികളിൽ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ മുഴുവൻ സ്ഥാനാർത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ കർമ്മപദ്ധതി അവതരിപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam