
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജ്ജുൻ ഖർഗെയുടെ 'ഭീകരവാദി' പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിന് മറുപടി നൽകി കോൺഗ്രസ്. ഖർഗെ പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ചെന്ന് കാട്ടി ബി ജെ പി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ കോൺഗ്രസ് അധ്യക്ഷന് 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചിട്ടില്ലെന്ന വ്യക്തമാക്കിക്കൊണ്ട് ഖർഗെ നൽകിയ വിശദീകരണം പൊതുമധ്യത്തിൽ ഉണ്ടെന്നും കോൺഗ്രസ് ഇന്ന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിലെ ഒരു വരിമാത്രം അടർത്തിയെടുത്തു നൽകിയ പരാതിയിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന 'നികുതി ഭീകരത' (Tax Terrorism) ആണ് ഖർഗെ ഉദ്ദേശിച്ചതെന്നും മറുപടിയിൽ വിവരിച്ചിട്ടുണ്ട്.
പരാതിക്ക് മറുപടി നൽകാൻ ഖർഗെക്ക് കമ്മീഷൻ അനുവദിച്ചത് 24 മണിക്കൂർ മാത്രമാണെന്നും നോട്ടീസ് നൽകിയത് തിടുക്കത്തിലാണെന്നും കോൺഗ്രസ് വിമർശിച്ചു. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. വ്യക്തമായ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണ്. ബി ജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്നു നടിച്ചെന്നും കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കവെ ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ഇതിൽ പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. ആഭ്യന്തരമന്ത്രി അമിത് ഷാ ആനുകൂല്യം പ്രഖ്യാപിച്ച് ചട്ടലംഘനം നടത്തിയില്ലേ എന്നും ചോദ്യമുണ്ട്. ഖർഗെക്കെതിരെ നടപടിയെടുക്കുമെന്ന കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭീഷണിയെ ശക്തമായ എതിർക്കുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam