പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ ഫോണ്‍ ചോര്‍ത്തല്‍? കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

By Web TeamFirst Published Mar 18, 2020, 12:13 PM IST
Highlights

ഉപഭോക്താക്കളുടെ ടെലിഫോൺ വിളികളുടെ വിശദാംശങ്ങൾ സർക്കാർ ഏജൻസികൾ തേടിയതിൽ കമ്പനികൾ  ആശങ്ക അറിയിച്ചു. പൗരൻമാരെ സർക്കാർ നിരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
 

ദില്ലി: പൗരത്വനിയമഭേദഗതി പ്രക്ഷോഭത്തിനിടെ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ടെലിഫോൺ ചോർത്തലിന് ശ്രമം നടന്നെന്ന് ആരോപണം. ഉപഭോക്താക്കളുടെ ടെലിഫോൺ വിളികളുടെ വിശദാംശങ്ങൾ സർക്കാർ ഏജൻസികൾ തേടിയതിൽ കമ്പനികൾ  ആശങ്ക അറിയിച്ചു. പൗരൻമാരെ സർക്കാർ നിരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

 കേരളവും ദില്ലിയും ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ എല്ലാ ഉപഭോക്താക്കളുടെയും ടെലിഫോൺ വിളികളുടെ രേഖകൾ സർക്കാർ ഏജൻസികൾ തേടിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൗരത്വനിയമഭേദഗതി പ്രതിഷേധം ശക്തമായതോടെ ഫെബ്രുവരി ആദ്യ ആഴ്ചയിലെ വിവരങ്ങളാണ് പ്രധാനമായും ഏജൻസികൾ തേടിയത്. ഇതിനൊപ്പം രണ്ടു മാസത്തിനിടെ പല പ്രാവശ്യം നിരവധി പേരുടെ റെക്കോർഡുകൾ നല്കാൻ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടു. 

ഫെബ്രുവരിയിൽ തന്നെ ഇതിനെതിരെ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനെ പ്രതിഷേധം അറിയിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജഡ്ജിമാരും, എംപിമാരും താമസിക്കുന്ന ദില്ലി പോലൊരു സ്ഥലത്ത് എല്ലാവരുടെയും വിവരം കൈമാറുന്നത് ഉചിതമാവില്ല എന്നാണ് അസോസിയേഷൻ അറിയിച്ചത്. സംശയമുള്ളവരുടെ റെക്കോർഡുകൾ പരിശോധിച്ച് ചോർത്തലിനും നിരീക്ഷണത്തിനുമാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാർ പൗരൻമാരെയാകെ നിരീക്ഷിക്കുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. 

ടെലിഫോൺ നിരീക്ഷണത്തിനുള്ള മാനദണ്ഡമൊന്നും പാലിക്കാതെയാണ് സർക്കാർ ഏജൻസികളുടെ ഈ നീക്കം. ഒരു സർക്കിളിലെ എല്ലാ ഉപഭോക്താക്കളുടെയും വിവരം ഒന്നിച്ച് ശേഖരിക്കുന്നതും അസാധാരണമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!