കോണ്‍ഗ്രസ് വക്താവ് ഖുശ്ബു ബിജെപിയിലേക്ക്? ഇന്ന് അംഗത്വം സ്വീകരിച്ചേക്കും

By Web TeamFirst Published Oct 11, 2020, 11:47 PM IST
Highlights

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗനൊപ്പം ദില്ലിയിലെത്തിയ ഖുശ്ബു ബിജെപി കേന്ദ്ര നേതാക്കളെ കണ്ട്  പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 

ചെന്നൈ: നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി, ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗനൊപ്പം ദില്ലിയിലെത്തിയ ഖുശ്ബു ബിജെപി കേന്ദ്ര നേതാക്കളെ കണ്ട്  പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

ഖുശ്ബുവിന്റെ ട്വീറ്റും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും സംശയം ബലപ്പെടുത്തുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി മാറ്റമെന്നും സൂചനയുണ്ട്. ബിജെപിയില്‍ ചേരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്നാണ് ഖുശ്ബു ഉത്തരം നല്‍കിയത്. 

കേന്ദ്ര നേതൃത്വവുമായി സംസാരിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുറത്തുവന്ന ഖുശ്ബുവിന്റെ ട്വീറ്റാണ് വീണ്ടും ചര്‍ച്ചയായത്. ഇക്കാലത്തിനിടയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായെന്നും മാറ്റം അനിവാര്യമാണെന്നുമായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. പിറ്റേ ദിവസം ഖുശ്ബു ദില്ലിയിലേക്ക് തിരിക്കുകയും ചെയ്തു. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തെ പിന്തുണച്ചത് മുതലാണ് വക്താവ് ഖുശ്ബു കോണ്‍ഗ്രസുമായി അകലുന്നത്. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച ഖുശ്ബു, ഇക്കാര്യത്തില്‍ തന്റെ നിലപാട് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമാണെന്നും രാഹുല്‍ഗാന്ധി ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. തനിക്ക് തന്റേതായ അഭിപ്രായമുണ്ടെന്നും തലയാട്ടുന്ന റോബോട്ടോ കളിപ്പാവയോ അല്ലെന്നും ഖുശ്ബു അന്ന് വ്യക്തമാക്കി. എന്നാല്‍, ഖുശ്ബുവിന്റെ പാര്‍ട്ടി മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. 2014-ലാണ് ഖുശ്ബു ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പിന്നീട് വക്താവ് സ്ഥാനം വരെ എത്തി. പല വിഷയങ്ങളിലും ബിജെപിയുടെ ശക്തയായ വിമര്‍ശകയായിരുന്നു ഖുശ്ബു. 

click me!