അടവുനയം മാറ്റി കോൺഗ്രസ്; പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക്

By Web TeamFirst Published Jan 30, 2020, 7:34 PM IST
Highlights

രാജ്ഘട്ടിൽ നടത്തിയ ഏകദിന ഉപവാസം, ഉത്ത‍ര്‍പ്രദേശിൽ പ്രിയങ്ക ഗാന്ധി നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങൾ, അതിനപ്പുറം പറയത്തക്കതായ പ്രക്ഷോഭ പരിപാടികൾ കോൺഗ്രസ് ദേശീയ തലത്തിൽ നടത്തിയിരുന്നില്ല

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് അടവുനയം മാറ്റി. പ്രക്ഷോഭത്തിൻറെ മുൻനിരയിലേക്ക് വരാനാണ് ഇപ്പോൾ കോൺഗ്രസ് നീക്കം. പ്രാദേശിക പാർട്ടികളും ബിജെപി സഖ്യകക്ഷികളും കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിൻറെ നയം മാറ്റം. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗത്തിൽ ബിജെപി ഒറ്റപ്പെട്ട സാഹചര്യത്തിലാണിത്.

രാജ്ഘട്ടിൽ നടത്തിയ ഏകദിന ഉപവാസം, ഉത്ത‍ര്‍പ്രദേശിൽ പ്രിയങ്ക ഗാന്ധി നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങൾ, അതിനപ്പുറം പറയത്തക്കതായ പ്രക്ഷോഭ പരിപാടികൾ കോൺഗ്രസ് ദേശീയ തലത്തിൽ നടത്തിയിരുന്നില്ല. ദില്ലിയിലെ വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിട്ടും രാജ്യവ്യാപക സമരമാക്കി ഇതിനെ മാറ്റാൻ കോൺഗ്രസ് തയ്യാറായില്ല. 

ന്യൂനപക്ഷങ്ങളുടെ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുന്നുവെന്ന പ്രചാരണം ഒഴിവാക്കണം എന്നായിരുന്നു പാർട്ടിയിലെ ശക്തമായ ഒരു വിഭാഗത്തിൻറെ വാദം. എന്നാൽ ആദ്യം ബിജെപിയെ പിന്തുണച്ച പാർട്ടികൾ പോലും കളം മാറ്റുമ്പോൾ കോൺഗ്രസിനുമേൽ സമ്മർദ്ദം ശക്തമാകുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് നയം മാറ്റിയത്. ഇതിന്റെ ഭാഗമായി ആദ്യം രാജസ്ഥാനിലെ യുവ ആക്രോശ് റാലി സംഘടിപ്പിച്ചു. പിന്നാലെ ഇന്ന് കേരളത്തിലും മനുഷ്യ ഭൂപടം തീര്‍ത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി. 

രാഹുൽ ഗാന്ധിയെ പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ മുന്നിലെത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ ഒരു കക്ഷിയും പൗരത്വ വിഷയത്തിൽ ബിജെപിയെ പിന്തുണച്ചിരുന്നില്ല. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത ബിജെഡി, അണ്ണാഡിഎംകെ, ജെഡിയു, ലോക്ജനശക്തി പാർട്ടി എന്നിവ നിലപാട് മാറ്റുന്നതിൻറെ സൂചന നല്കി. എന്നാൽ വിമർശനത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

click me!