
ദില്ലി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേക്കും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്‍റെ ദില്ലി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഹനുമാന്‍റെയും ശ്രീരാമന്‍റെയും വേഷം ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പിലുണ്ട്.
'സത്യം ജയിക്കും, ജയ് ശ്രീറാം' എന്നാണ് ഹനുമാന്‍റെ വേഷം ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ ഫ്ലക്സുകളും പ്രവര്‍ത്തകര്‍ കൈകളിലേന്തിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്ന് വരിക.
ലഡു ഉള്‍പ്പെടെ തയ്യാറാക്കി വെച്ചാണ് കോൺഗ്രസ് ആഘോഷിക്കാനായി കാത്തിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനാരിക്കെ ആണ് ഈ കാഴ്ച. ആദ്യ ഫല സൂചനകൾ പോലും പുറത്തുവരും മുമ്പാണ് കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ലഡുവടക്കമുള്ളവ തയ്യാറായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
എക്സിറ്റ് പോള്‍ ഫലപ്രവചനം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തെലങ്കാനയിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ചാണ് പ്രവചനം. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിന്‍റെ കയ്യില്‍ നിന്ന് പോകുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെ ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് എന്ന എക്സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ, വിജയിക്കുന്ന എംഎൽഎമാരെ ആഡംബര റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുമെന്നും കാവൽ ഏർപ്പെടുത്തുമെന്നും പ്രചാരണങ്ങളുണ്ട്. മധ്യപ്രദേശില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎൽഎമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ലന്നും ഡികെ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കെസിആർ ഇതിനകം നിരവധി കോൺഗ്രസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. പക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഡി കെ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam