
ആന്ധ്രാപ്രദേശ്: സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് കൊവിഡ് 19 ബോധവത്കരണം നടത്തുകയാണ് ലോകമെങ്ങും. പാട്ടുപാടിയും പോസ്റ്റർ ഒട്ടിച്ചും കവിത ചൊല്ലിയുമൊക്കെ കൊറോണ വൈറസ് ബാധയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ചിലർ പറഞ്ഞു തരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്റെ കുതിരയെ ഉപയോഗിച്ച് കൊവിഡ് 19 ബോധവത്കരണം നടത്തുകയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള മാരുതി ശങ്കർ ഈ പൊലീസുകാരൻ.
ആന്ധ്രയിലെ കുർനൂൽ ജില്ലയിലെ പ്യാപിലി പട്ടണത്തിൽ എസ് ഐ മാരുതി ശങ്കർ എത്തിയത് കുതിരപ്പുറത്താണ്. അതിലെന്താണ് അസ്വാഭാവികത എന്ന് തോന്നാം. എന്നാൽ കുതിരെയെ നോക്കിയാൽ എന്തിനാണ് അദ്ദേഹം കുതിരയെ തന്നെ സവാരിക്ക് തെരഞ്ഞെടുത്തത് എന്ന് മനസ്സിലാകും. വെള്ള നിറമാണ് കുതിരയ്ക്ക്. അതിന്റെ ശരീരത്തിലുടനീളം ചുവപ്പ് നിറത്തിൽ കൊവിഡ് 19 വൈറസിന്റെ ഘടനാ ചിത്രം വരച്ചു ചേർത്തിരിക്കുന്നു. ലോകത്തെങ്ങും ഭീതി പരത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ വ്യത്യസ്തമായി ബോധവത്കരണം നടത്തുകയാണ് ഇദ്ദേഹം.
പട്ടണത്തിന് സമീപത്തുള്ള എല്ലാ ജനവാസ പ്രദേശങ്ങളിലെല്ലാം കുതിരപ്പുറത്ത് ചെന്ന് കൊവിഡ് 19 ബാധയ്ക്കെതിരെ ആവശ്യമായ മുൻകരുതൽ എടുക്കാൻ ഇദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഏഴു ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം ചെന്നൈയിൽ കൊറോണ ഘടനയുടെ മാതൃകയിലുള്ള ഹെൽമെറ്റ് ധരിച്ച് പൊലീസ് ഉദ്യോഗസ്ഥൻ നിരത്തിലിറങ്ങിയിരുന്നു. കൂടാതെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പാട്ടുപാടിയാണ് കൊറോണ വൈറസിനെതിരെ മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam