
ബെംഗളൂരു: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 44കാരന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തി പൊലീസ്. മൈസൂരിന് സമീപമുളള ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. കൊവിഡ് ഭീതിയെ തുടർന്ന് മാനസിക വെല്ലുവിളി നേരിട്ടിരുന്നയാളുടെ മൃതദേഹം വീട്ടുകാർ ഏറ്റെടുക്കാത്തതോടെയാണ് പൊലീസുകാർ ചടങ്ങുകള്‍ നടത്തിയത്.
നാല് ദിവസം മുമ്പാണ് ആനയുടെ ആക്രമണത്തിൽ 44കാരന് ജീവൻ നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് ബാധയേൽക്കുമെന്ന ഭയത്താൽ കുടുംബക്കാർ ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ ചടങ്ങുകൾ നടത്തുന്നതിന് മൂന്ന് പൊലീസുകാർ രംഗത്തെത്തുകയായിരുന്നു.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാഡെഗൗഡയുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ചാമരാജനഗറിലെ ഹിന്ദു ശ്മശാനത്തില്‍ കുഴിയെടുത്താണ് സംസ്‌കാരം നടത്തിയത്. മരിച്ചയാൾ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.