
ദില്ലി: തല മുതല്‍ കാല്‍പ്പാദം വരെ മറയ്ക്കുന്ന ബുര്‍ഗ ധരിച്ച 32കാരിയായ ഇമ്രാന സൈഫി ദില്ലിയിലെ നെഹ്റു വിഹാറിലെ നവ് ദുര്‍ഗ ക്ഷേത്രത്തിലെത്തിയ സാധാരണ സന്ദര്‍ശകയല്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ ക്ഷേത്രം വൃത്തിയാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ്.
കയ്യില്‍ അണുനാശിനിയുമായാണ് ഇമ്രാന എത്തിയത്. ഈ പ്രദേശങ്ങളിലെ അമ്പലങ്ങളും ഗുരുദ്വാരകളും പള്ളികളും വൃത്തിയാക്കുന്നതിന്‍റെ ചുമതല ഇമ്രാന ഏറ്റെടുത്തിരിക്കുകയാണ്. വൃതശുദ്ധിയുടെ റംസാന്‍ മാസമായിട്ടും ഒരുനിമിഷം പോലും വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ഇമ്രാന. ക്ഷേത്രത്തിന്‍റെ അകവും പുറവും അണുവിമുക്തമാക്കാന്‍ അനുവാദം ചോദിച്ച ഇമ്രാനയെ പൂജാരി സന്തോഷപൂര്‍വ്വം സ്വീകരിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ ഇമ്രാന ഏഴാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. സിഎഎയില്‍ ആക്രമിക്കപ്പെട്ടവര്‍ക്ക് സഹായവുമായും ഇമ്രാന ഉണ്ടായിരുന്നു. കൊറോണയെ തുരത്താന്‍ ഇമ്രാനയ്ക്ക് മറ്റ് മൂന്ന് സ്ത്രീകള്‍ കൂടിയടങ്ങുന്ന സംഘം തന്നെയുണ്ട്. ക്ഷേത്രമെന്നോ പള്ളിയെന്നോ വേര്‍തിരിവില്ലാതെയാണ് ജഫ്രാബാദിലും മുസ്തഫാബാദിലും ചന്ദ്ബാഗിലും നെഹ്റു വിഹാറിലും ശിവ് വിഹാറിലും ബാബു നഗറിലും ഇവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നത്.
'' എനിക്ക് ഇന്ത്യയുടെ മതേതരത്വ കാഴ്ചപാടിനെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നമ്മള്‍ എല്ലാവരും ഒന്നാണെന്നും നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്നുമുള്ള സന്ദേശം നല്‍കേണ്ടതുണ്ട്'' - ഇമ്രാന പറഞ്ഞു. ''ഇതുവരെ ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. ഞങ്ങളെ ഒരു ക്ഷേത്രത്തിലും തടഞ്ഞിട്ടുമില്ല'' - ഇമ്രാന കൂട്ടിച്ചേര്‍ത്തു.
സാമുദായിക ഒരുമ നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ വേണം. നമ്മള്‍ അതിനെ പ്രോത്സാപിക്കണം. വിദ്വേഷത്തെ തടഞ്ഞ് പരസ്പര സ്നേഹത്തെ സ്വീകരിക്കണമെന്നും നവ് ദുര്‍ഗ്ഗാ മന്ദിറിലെ പൂജാരി യോഗേഷ് കൃഷ്ണ പറഞ്ഞു. ആളുകള്‍ക്ക് അറിയാം ഇത് വളരെ ഗുരുതരമായ പകര്‍ച്ചവ്യാധിയാണെന്ന്. അതിനാല്‍ ആളുകള്‍ ഞങ്ങളെ തടയുന്നില്ല. ഈ ദുരന്തം ആളുകളെ ഒരുമിപ്പിച്ചിരിക്കുന്നുവെന്നും ഇമ്രാന പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam