
ദില്ലി: കൊറോണ വൈറസ് വ്യാപിച്ച വുഹാനില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് രോഗമില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ദില്ലി ചാവ്ലയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. അമ്പതിലേറെ മലയാളികളാണ് ഇരു ക്യാമ്പിലുമുള്ളത്. രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും. ഈ മാസം ഒന്ന്, രണ്ട് തീയതികളിലാണ് രണ്ടു വിമാനങ്ങളിലായി അറുനൂറിയമ്പതിലേറെ ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചത്.
അതേ സമയം, കൊറോണ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,868 ആയി. രണ്ടായിരത്തിൽ ഏറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയിൽ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം എഴുപത്തിരണ്ടായിരം കവിഞ്ഞു. അതേസമയം, സാർസ് പോലെയോ മെർസ് പോലെയോ മാരകമല്ല കൊറോണയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ചവരിൽ 80 ശതമാനം പേരും രക്ഷപ്പെടുന്നുണ്ടെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. 14 ശതമാനം പേർ മാത്രമാണ് ഗുരുതരമായ അവസ്ഥയിലെത്തുകയോ മരിക്കുകയോ ചെയ്യുന്നത്. കുട്ടികളിൽ കൊറോണ മരണ നിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇതിനിടയിൽ കൊറോണ ഈ വർഷത്തെ ആദ്യ പാദത്തിൽ ഐ ഫോൺ വിൽപ്പനയിൽ വൻ തിരിച്ചടി ഉണ്ടാക്കുമെന്ന് വ്യക്തമാക്കി ആപ്പിൾ രംഗത്തെത്തി. ചൈനയിലെ നിർമാണ പ്ലാന്റുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പ്രതീക്ഷിച്ച തോതിൽ ഉൽപാദനം നടക്കുന്നില്ലെന്നും ഐ ഫോണുകൾക്ക് താൽക്കാലികമായി ക്ഷാമം നേരിടുമെന്നും കമ്പനി അറിയിച്ചു. കടകൾ അടച്ചിട്ടതും തിരിച്ചടിയായെന്ന് കമ്പനി വിലയിരുത്തി. കൊറോണയെ തുടർന്ന് നഷ്ടം നേരിട്ടെന്ന് പ്രഖ്യാപിക്കുന്ന ആദ്യ അമേരിക്കൻ കമ്പനിയാണ് ആപ്പിൾ. കാർ ഉൽപാദനത്തിൽ അടക്കം വൻ തിരിച്ചടി നേരിടുന്നതിനാൽ നഷ്ടക്കണക്കുകമായി എത്തുന്ന കമ്പനികളുടെ എണ്ണം വരും നാളുകളിൽ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam