മദ്യനയത്തിന് പിന്നാലെ ലോഫ്ലോർ ബസ് വാങ്ങിയതിലും അഴിമതി ആരോപണം , കെജ്രിവാൾ സർക്കാരിനെതിരെ സിബിഐ അന്വേഷണം

Published : Aug 22, 2022, 06:46 AM IST
മദ്യനയത്തിന് പിന്നാലെ ലോഫ്ലോർ ബസ് വാങ്ങിയതിലും അഴിമതി ആരോപണം , കെജ്രിവാൾ സർക്കാരിനെതിരെ സിബിഐ അന്വേഷണം

Synopsis

ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്

ദില്ലി : മദ്യ നയത്തിന് പിന്നാലെ ദില്ലി സർക്കാർ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദില്ലി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടിൽ അഴിമതി ഉണ്ടെന്നു ആരോപിച്ച മുൻ ഗവർണർ അനിൽ ബൈജാൽ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിന്‍റെ നിർദേശപ്രകാരം ആണ് ഇപ്പൊൾ സി ബി ഐ നടപടി. അതേസമയം മദ്യനയ കേസിൽ സി ബി ഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതൽ പ്രതികളെ ഇന്ന് ചോദ്യം ചെയ്തേക്കും.

'ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും'; ദില്ലി മദ്യനയ കേസ് നടപടികളെ പരിഹസിച്ച് കെജ്രിവാളും സിസോദിയയും 

മദ്യനയകേസില്‍ നടപടികളുമായി സിബിഐ മുന്നോട്ടു നീങ്ങുന്നതിനിടെ പരിഹാസവുമായി ദില്ലി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസിോദിയ അടക്കമുള്ള പ്രതികൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാന്‍ സിബിഐ നടപടികൾ തുടങ്ങിയതിന് പിന്നാലെ ദില്ലിയില്‍ തന്നെയുള്ള തനിക്കെതിരെ ലുക്ഔട്ട് സർക്കുലർ ഇറക്കുന്നതിനെയാണ് സിസോദിയ പരിഹസിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജനം മോദിക്ക് ലുക്കൌട്ട് നോട്ടീസ് നല്‍കുമെന്ന് തിരിച്ചടിച്ചു.  2024 ല്‍ ജനം മോദിക്ക് ലുക്ക് ഔട്ട് നോട്ടീസ് നല്‍കും, വലിയ പ്രശ്നങ്ങളുണ്ടായ സമയത്ത് എന്ത് ചെയ്തുവെന്ന് ചോദിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസമയം കൂടുതല്‍  പ്രതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു. അതിനിടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ശക്തമാക്കുകയാണ് ആം ആദ്മിപാർട്ടി.  സിബിഐയും പിന്നാലെ  ഇഡിയും മദ്യനയ കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മനീഷ് സിസോദിയ  അടക്കം 12 പേര്‍ക്കെതിരെ ലുക്ക് ഔട്ട് സർക്കുലര്‍ ഇറക്കാന്‍ നടപടികള്‍ തുടങ്ങിയത്.    പ്രതികൾ രാജ്യം വിടാതിരിക്കാനാണ് നടപടി.   കേസുമായി ബന്ധപ്പെട്ട്  രണ്ട് ദിവസത്തിനിടെ പത്ത് പേരെ  സിബിഐ ചോദ്യം ചെയ്തു. 15 പ്രതികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. 

അതിനിടെ കേസെടുത്തതിന് പിന്നാലെ താന്‍ രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ മലയാളിയായ അഞ്ചാം പ്രതി വിജയ് നായർ തള്ളി. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഇതുവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിജയ് നായർ പറഞ്ഞു.  കേന്ദ്രസര്‍ക്കാരിനെതരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിലാപാട് കടുപ്പിച്ചു. വിലക്കയറ്റത്തിലും  തൊഴിലില്ലായ്മയിലും   പൊറുതിമുട്ടുമ്പോള്‍   സിബിഐയേയും ഇഡിയേയും ഉപയോഗിച്ച്  സര്‍ക്കാര്‍ രാജ്യത്തെ വെല്ലുവിളിക്കുകയാണെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആംആദ്മി പാർട്ടി ആവർത്തിക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് സിബിഐ. ഒപ്പം ഏത് നിമിഷവും മനീഷ് സിസോദിയ അറസ്റ്റ് ചെയ്യപ്പെടാമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി