
ചൈന: രണ്ട് മാസമായി നിർത്താതെയുളള ചുമയ്ക്ക് അവസാനം വൃദ്ധന്റെ തൊണ്ടയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കുളയട്ടകളെ. ചൈനയിലാണ് സംഭവം. നാസാരന്ധ്രത്തിലും തൊണ്ടയിലുമായി കുടുങ്ങിക്കിടക്കുകയായിരുന്നു അട്ടകൾ. ഡെയിലി മെയിൽ റിപ്പോർട്ട് അനുസരിച്ച് അറുപതുകാരനായ ഇയാൾ രണ്ട് മാസമായി ചുമ കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. ചുമ ഗുരുതരമായതിനെ തുടർന്നാണ് ഇയാൾ ഡോക്ടറെ കാണാൻ തീരുമാനിച്ചത്. ചുമയ്ക്കുമ്പോൾ കഫത്തിനൊപ്പം രക്തവും പുറത്ത് വരുന്നതായി ഇയാൾ ഡോക്ടറോട് പറഞ്ഞു.
സിടി സ്കാൻ ചെയ്തതിനെ തുടർന്ന് പ്രശ്നങ്ങളൊന്നുമുള്ളതായി കണ്ടെത്തിയില്ല. പിന്നീട് ശ്വാസകോശപരിശോധനയായ ബ്രോങ്കോസ്കോപി ചെയ്തതിനെ തുടർന്നാണ് ജീവനുള്ള അട്ടകൾ തൊണ്ടയിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നതായി കണ്ടത്. ഇവയ്ക്ക് 10 സെന്റീമീറ്റർ നീളമുണ്ടായിരുന്നതായി നീക്കം ചെയ്ത ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. എങ്ങനെയാണ് ഇവ വൃദ്ധന്റെ ശരീരത്തിനുള്ളിൽ കയറിപ്പറ്റിയതെന്ന് കൃത്യമായി വിശദീകരണം ലഭ്യമല്ല.
ഇയാൾ വനത്തിനുളളില് ജോലിക്ക് പോകാറുണ്ടായിരുന്നു. ആ സമയത്ത് കാട്ടിലെ അരുവികളിൽ വെള്ളം കുടിച്ചപ്പോൾ അതിലൂടെയാകാം അട്ടകൾ തൊണ്ടയിൽ പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തത്ര ചെറുതാണ് കുളയട്ടകൾ. ഇവ ശരീരത്തിനുള്ളിൽ കയറി രക്തം കുടിച്ചാണ് വലുതാകുന്നത്. വൃദ്ധന്റെ ശരീരത്തിനുള്ളിൽ കടന്ന അട്ടകൾ ഇതേപോലെ രക്തം കുടിച്ച് വീർത്തതാണെന്ന് ഡോക്ടര്‍ ഡെയിലി മെയിലിനോട് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam