രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jul 12, 2019, 11:51 AM IST
Highlights

ജനസംഖ്യാ വിസ്ഫോടനം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെയും സാമൂഹ്യ ഐക്യത്തെയും വിഭവങ്ങളെയും ബാധിക്കുന്നുണ്ടെന്നും ഗിരിരാജ് സിംഗ്

ദില്ലി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ വോട്ടവകാശം നിഷേധിക്കപ്പെടണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള ജനസംഖ്യാ വര്‍ധനവിലെ ആശങ്ക പങ്കുവയ്ക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. 

ദില്ലിയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ജനസംഖ്യ കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സമുദായങ്ങള്‍ക്കിടയിലും ഇത് പ്രാവര്‍ത്തികമാക്കണം. ജനനനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു മത വിഭാഗത്തിനും ഇളവുകള്‍ നല്‍കരുത്. 

ലോക ജനസംഖ്യാ ദിനത്തില്‍, 1947 മുതല്‍ 2019 വരെ എങ്ങനെയാണ് ഇന്ത്യയിലെ ജനസംഖ്യ 366 ശതമാനമായി വളര്‍ന്നതെന്ന് ഗിരിരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. അതേസമയം അമേരിക്കയിലെ ജനസംഖ്യാ വര്‍ധനവ് 113 ശതമാനമാണെന്നും മന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ഗ്രാഫിക്സ് വ്യക്തമാക്കുന്നു. 

ജനസംഖ്യാ വിസ്ഫോടനം ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെയും സാമൂഹ്യ ഐക്യത്തെയും വിഭവങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക് വിഘാതമാകുന്നത് മതപരമായ തടസ്സങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ബിജെപി നേതാവ് തന്‍റെ പ്രസ്താവനയിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന്  ആര്‍ജെഡിയും കോൺഗ്രസും തിരിച്ചടിച്ചു. വില കുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഭാഗമാണിതെന്നും ആര്‍ജെഡി നേതാവ് റാം ചന്ദ്രപര്‍ബെ ആരോപിച്ചു.   

click me!