
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി. രേവണ്ണയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ബെംഗളൂരു കോടതി തള്ളി. പരാതി നൽകാൻ നാല് വർഷത്തോളം വൈകിയത് ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെഎൻ ശിവകുമാർ രേവണ്ണയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. രേവണ്ണയ്ക്കും മകൻ പ്രജ്‌വൽ രേവണ്ണയ്ക്കും എതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പരാതി നൽകാൻ വൈകിയത് പരിഗണിക്കാമോ എന്ന് തീരുമാനിക്കാൻ വിചാരണാ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ മൂന്ന് വർഷത്തെ സമയപരിധിയുണ്ടെന്ന് ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 468 വ്യക്തമാക്കുന്നു. എന്നാൽ ഈ കേസിൽ പരാതി നൽകാൻ നാല് വർഷത്തിലേറെ വൈകി. ഈ കാലതാമസം കൃത്യമായി വിശദീകരിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ സെക്ഷൻ 354എ പ്രകാരമുള്ള കുറ്റങ്ങളിൽ രേവണ്ണയെ വിചാരണ ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹസൻ ജില്ലയിലെ ഹോളെനരസിപുര പൊലീസ് സ്റ്റേഷനിലാണ് ഏപ്രിൽ 28-ന് രേവണ്ണയ്ക്കും മകനുമെതിരെ കേസെടുത്തത്.
ആയിരക്കണക്കിന് അശ്ലീല വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഒരു ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആർ. ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് രേവണ്ണ നേരിട്ടിരുന്നത്. തട്ടിക്കൊണ്ടുപോകൽ കേസിൽ നേരത്തെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം, ലൈംഗിക പീഡന പരമ്പരകളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ രേവണ്ണയുടെ മകൻ പ്രജ്‌വൽ രേവണ്ണ ഇപ്പോഴും ജയിലിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam