ദില്ലി: കൊവിഡ് പ്രതിരോധത്തിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നേരത്തേ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ മാർച്ച് 24-ന് 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമപദ്ധതികൾക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചു.
ഓരോ സംസ്ഥാനങ്ങൾക്കും എത്ര കോടി രൂപ വീതം നൽകുമെന്ന് ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കേരളത്തിന് കേന്ദ്രം പ്രത്യേക ധനസഹായമായി നൽകിയത് 157 കോടി രൂപ മാത്രമാണ്. ഇത് അപര്യാപ്തമാണെന്ന് അപ്പോൾത്തന്നെ സംസ്ഥാനസർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.
രോഗവ്യാപനത്തോത് കുറയ്ക്കാനായെങ്കിലും കാസർകോട്ടെ രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇപ്പോഴും 270-ഓളം പേർ കൊവിഡ് ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് ആറാം സ്ഥാനത്തുമാണ്.
കേന്ദ്രം ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച പാക്കേജ് അനുസരിച്ച്, 15,000 കോടി രൂപയിൽ 7774 കോടി രൂപ എമർജൻസി റെസ്പോൺസ് ഇനത്തിൽ, അടിയന്തരമായി പ്രവർത്തിക്കാനുള്ള ധനസഹായമായി നൽകും. ബാക്കിയുള്ള പണം, അടുത്ത ഒന്ന് മുതൽ നാല് വർഷത്തേക്ക് ഘട്ടം ഘട്ടമായിട്ടാകും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുക.
കൊവിഡ് വ്യാപനം തടയാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ വേണ്ട, ഉപകരണങ്ങൾ വാങ്ങിക്കാനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗിക്കേണ്ടത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, കൊവിഡ് പ്രത്യേക ആശുപത്രികൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണം, പരിശോധനാലാബുകൾ തയ്യാറാക്കൽ, കർശനനിരീക്ഷണം ഏർപ്പെടുത്താനുള്ള നടപടികൾ, പരിസരശുചീകരണം, അണുനശീകരണം, രോഗപ്രതിരോധഗവേഷണം, കൃത്യമായ ആശയവിനിമയം ഉറപ്പാക്കൽ എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.
ഇതിന്‍റെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമായിരിക്കും. ഈ നടപടികൾക്ക് വേണ്ട എല്ലാ സഹായവും എൻഎച്ച്എം, കേന്ദ്ര സംഭരണം, റെയിൽവേ, ഐസിഎംആർ, എൻസിഡിസി എന്നിവയിൽ നിന്ന് ലഭിക്കും.
രാജ്യത്തെമ്പാടും കൊവിഡ് പരിശോധനയ്ക്കായി 223 ലാബുകൾ തുറന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. 157 സർക്കാർ ലാബുകളും 66 സ്വകാര്യ ലാബുകളുമാണിവ. വിവിധ സംസ്ഥാനസർക്കാരുകൾക്കായി 4113 കോടി രൂപ നൽകിക്കഴിഞ്ഞതായും കേന്ദ്രം അറിയിക്കുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 5734. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 549 കേസുകളാണ്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 17 ആണ്. 473 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
ദേശീയ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് ഇരുപത്തിയഞ്ചിന് ഇന്ത്യയിലെ കൊവിഡ് രോഗികൾ 606. പതിനഞ്ചു ദിവസത്തിൽ ഇത് ആറായിരത്തിനടുത്ത് എത്തിയിരിക്കുന്നു. ആദ്യ കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത് 60 ദിവസത്തിലാണ് സംഖ്യ ആയിരത്തിലേക്ക് എത്തിയത്. അടുത്ത നാല് ദിവസത്തിൽ ഇത് രണ്ടായിരം ആയി. എപ്രിൽ മൂന്നു മുതലുള്ള ആറു ദിവസത്തിൽ നാലായിരം കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചിരിക്കുന്നു.
ലോക്ക്ഡൗൺ ഉള്ളപ്പോഴും കേസുകൾ ഓരോ നാലു ദിവസവും ഇരട്ടിക്കുന്നത് കേന്ദ്രത്തിന് ആശങ്കയുണ്ടാക്കുന്നു. ലോക്ക്ഡൗൺ മാത്രം കൊവിഡ് പടരുന്നത് പിടിച്ചു നിറുത്തുന്നില്ല. ലോക്ക്ഡൗൺ പിൻവലിക്കാനാവില്ല. എന്നാൽ ചില സ്ഥലങ്ങളിൽ സമ്പൂർണ്ണ അടച്ചുപൂട്ടലും വ്യാപക പരിശോധനയും വേണം. വരാൻ പോകുന്ന രോഗികളുടെ വലിയ സംഖ്യക്കായി തയ്യാറെടുക്കുക എന്ന ശുപാർശയും കേന്ദ്രത്തിന് വിദഗ്ധസമിതി നല്തിയ റിപ്പോർട്ടിലുണ്ട്.
ഈ സാഹചര്യത്തിലാണ് വീണ്ടും കൊവിഡ് ഫണ്ട് സർക്കാർ രൂപീകരിക്കുന്നത്. കൂടുതൽ അടിയന്തര കൊവിഡ് ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയേ തീരൂ എന്ന് ഇന്ത്യ നിർബന്ധിതരാവുകയാണ്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പിപിഇകളും മാസ്കുകളും വെന്‍റിലേറ്ററുകളും വിതരണം ചെയ്ത് തുടങ്ങിയെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 20 ആഭ്യന്തര ഉത്പാദകർ പിപിഇ നിർമാണം തുടങ്ങി. 1.7 കോടി പിപിഇകളും, 49,000 വെന്‍റിലേറ്ററുകളും വാങ്ങാൻ നടപടി തുടങ്ങി, ഓർഡർ നൽകിക്കഴിഞ്ഞു: കേന്ദ്രസർക്കാർ അറിയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam