
ദില്ലി: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിയേഴായി. രാജ്യത്തെ 274 ജില്ലകളെ കൊവിഡ് ബാധിച്ച് കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.
കൊവിഡ് തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക് 4.1 ദിവസമായി വർദ്ധിച്ചു. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്പ് ഇത് 7.4 ദിവസമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 113 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയിൽ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയിൽ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു. ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാൾ മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam