കനത്ത ജാഗ്രതയില്‍ ദില്ലി; കൊവിഡിനെ പൂട്ടാന്‍ ഓപ്പറേഷൻ ഷീൽഡുമായി സർക്കാർ; നടപടികള്‍ ഊർജ്ജിതം

By Web TeamFirst Published Apr 10, 2020, 6:33 AM IST
Highlights

ദില്ലിയിൽ കനത്ത ജാഗ്രത. ഹോട്ട്സ്പോട്ടുകൾ പൂർണമായി അടച്ചു. നിയന്ത്രണം പൊലീസിന്. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. 

ദില്ലി: കൊവിഡ് 19 രോഗവ്യാപനം തടയാൻ 20 ഇടങ്ങൾ പൂ‍ർണമായി അടച്ചതിനുപിന്നാലെ നടപടികൾ ഊർജ്ജിതമാക്കി ദില്ലി സർക്കാർ. ഓപ്പറേഷൻ ഷീൽഡ് എന്ന പേരിട്ടിരിക്കുന്ന പ്രതിരോധനടപടികൾ വഴി സാമൂഹികവ്യാപനം തടയാനാണ് പദ്ധതി. രോഗവ്യാപനത്തിന് സാധ്യതയുള്ള കൂടുതൽ മേഖലകളിൽ സമാന നിയന്ത്രണം വന്നേക്കും.

ഒന്നിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയത സ്ഥലങ്ങളിലാണ് സർക്കാ‍ർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇതിൽ നിസാമുദ്ദീനിലെ തബ്ലീഗ്ജമാത്ത് ആസ്ഥാനവും ഗ്രാമീണ മേഖലയായ ദീൻപൂരും വലിയ റെസിഡൻഷ്യൽ സൊസെറ്റികളും ഉൾപ്പെടുന്നു. ഈ ഇരുപതിടത്തെയും നിയന്ത്രണം പൊലീസ് ഏറ്റെടുത്തുകഴിഞ്ഞു. 

ആവശ്യസാധനങ്ങൾക്കായി വ്യാപാരസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ഇവിടേക്ക് ഓർഡർ അനുസരിച്ച് സാധനങ്ങൾ എത്തിക്കും. ഓൺലൈൻ ഡൈലിവറിക്കാർ സാധനങ്ങൾ പ്രധാനകവാടത്തിൽ നൽകണം. ആരോഗ്യപ്രവർത്തകർ എല്ലാ വീടുകളിലും എത്തി സാംപിളുകൾ എടുക്കുന്നു. രോഗലക്ഷണം ഉള്ളവർ നിർബന്ധമായും അറിയിക്കണം. ഓപ്പറേഷൻ ഷീ‍ൽഡ് എന്ന് പദ്ധതിപ്രകാരമാണ് ഈ നിയന്ത്രണം. 

വിവരങ്ങൾ കൈമാറാൻ വാട്സ്ആപ്പ് നമ്പറും പുറത്തിറക്കി. സീൽ ചെയ്ത് സ്ഥലങ്ങളിൽ വലിയ സുരക്ഷ നിരീക്ഷണമാണ്. പൂർണമായി സീൽ ചെയ്ത് സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവർക്കും മുന്നറിയിപ്പ് നല്കി. 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ദില്ലി. രണ്ട് കോടിയിലേറെയാളുകൾ തിങ്ങിപാർക്കുന്ന നഗരത്തിൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാനുള്ള മുൻകരുതലാണ് ഈ പൂർണ അടച്ചുപൂട്ടൽ.

 

click me!