
ദില്ലി: കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യത്തെ വിമാന കമ്പനികളുടെയും വിമാനത്താവള അധികൃതരുടെയും യോഗം വിളിച്ചു. നാളെ ആഭ്യന്തര സർവ്വീസുകൾ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് യോഗം. സർവ്വീസുകൾ തുടങ്ങുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച സംസ്ഥാനങ്ങളുടെ നിലപാടും യോഗത്തിൽ ചർച്ചയാകും.
അറുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നത്. ദില്ലിയിൽ നിന്ന് മാത്രം 380 സർവ്വീസുകളാണ് ആദ്യ ദിവസമുള്ളത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ദില്ലി വിമാനത്താവളത്തില്‍ മൂന്നാം ടെർമിനലിൽ നിന്ന് മാത്രമാണ് സര്‍വ്വീസുകള്‍. കേരളത്തിലേക്ക് 25 സര്‍വ്വീസുകളാണ് നാളെയുള്ളത്. ടെർമിനലിൽ എത്തുന്നവർ ആദ്യം ലഗേജ് അണുവിമുക്തമാക്കണം. ടെർമിനൽ കവാടങ്ങളിലുള്ള സുരക്ഷ ഉദ്യോഗസ്ഥർ ആരോഗ്യ സേതു ആപ്പിലൂടെ യാത്രക്കാരന് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തും. ആപ്പ് ഗ്രീന്‍ മോഡിലല്ലെങ്കില്‍ യാത്രാനുമതി നല്‍കില്ല.
ടെർമിനലിനുള്ളിലേക്ക് കയറുന്നിടത്തുള്ള കാര്‍പ്പെറ്റില്‍ അണുനശീകരണ ലായനി തളിച്ചിട്ടുണ്ട്. ചെരുപ്പടക്കം അണുവിമുക്തമാക്കിയേ അകത്തേക്ക് കടത്തി വിടൂ. ലഗേജുകളിൽ ടാഗ് കെട്ടില്ല. വിശദാംശങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത നമ്പറിലേക്ക് സന്ദേശമായെത്തും.
കാത്തിരിപ്പ് കേന്ദ്രത്തിലും വിമാനത്തിനുള്ളിലും വര്‍ത്തമാനപത്രങ്ങളോ, മാഗസിനുകളോ ലഭ്യമാക്കില്ല. യാത്രക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. വിമാനത്തിനടുത്തെത്തിക്കുന്ന ബസിൽ ഇടവിട്ട സീറ്റുകളിൽ മാത്രമേ ഇരിക്കാവൂ. വിമാനത്തിലെത്തിയാൽ യാത്രക്കാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കരുത്. ശൗചാലയത്തിന് മുന്നില്‍ ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകൾ കാത്ത് നിൽക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam