കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു.14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 1300 ലധികം ജീവനുകളാണ് നഷ്ടമായത്

10:57 PM (IST) Apr 08
അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തി മുന്നൂറിലധികം ജീവനുകളാണ് ഇവിടെ നഷ്ടമായത്. ഇന്ന് 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1373 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.
10:47 PM (IST) Apr 08
കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു.14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് രോഗം ഭേദമായത്.
10:22 PM (IST) Apr 08
കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കറ്റ് ഗവര്ണറേറ്റ് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കറ്റ് ഗവര്ണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി.
09:56 PM (IST) Apr 08
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരെ രോഗം ഭേദമാകാതെ ഡിസ്ചാര്‍ജ്ജ് ചെയ്തു. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മൂന്ന് രോഗികളെ പോലീസ് കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ദില്ലിയിൽ നിന്നെത്തിയ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. ഇയാളെ കണ്ടുപിടിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 26 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തപ്പോൾ സംഭവിച്ച വീഴ്ചയെന്ന് ആശുപത്രി അധികൃതർ.
09:24 PM (IST) Apr 08
നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെ മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണം. പെട്രോൾ പമ്പ് , മെഡിക്കൽ സ്‌റ്റോർ എന്നിവ മാത്രം തുറക്കും. കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കും.
09:08 PM (IST) Apr 08
ഡോക്ടര്‍മാര്‍ പരിശോധന നടത്താത്തതിനെ തുടര്‍ന്ന് പയ്യന്നൂർ മാട്ടൂലിൽ നിന്നും ചികിത്സക്കായി മംഗളൂരുവിലേക്ക് പോയ യുവതി മടങ്ങി. മതിയായ പ്രാഥമിക സൗകര്യം പോലും ആശുപത്രി അധികൃതർ നൽകുന്നില്ലെന്ന് യുവതി പറഞ്ഞു. ഇന്ന് മൂന്ന് പേരാണ് കേരളത്തിൽ നിന്നും മെഡിക്കൽ സംഘത്തിന്‍റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ടുപേരാണ് മടങ്ങിയത്.
08:42 PM (IST) Apr 08
കൊവിഡ് ബാധിതരില്ലാത്ത ജില്ലകളിൽ ലോക്ക് ഡൗണ്‍ പിൻവലിക്കാൻ ആലോചിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇതിന് കേന്ദ്രത്തിന്‍റെ അനുമതി തേടും. സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളം മുപ്പത് ശതമാനം കുറച്ചു
08:39 PM (IST) Apr 08
തെലങ്കാനയില്‍ പുതിയതായി 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 453 ആയി.
ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ രണ്ട് ഡോക്ടർമാർക്കും നാല് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
08:38 PM (IST) Apr 08
ധാരാവിയിൽ കൊവിഡ് ബാധിച്ച് 64 കാരന്‍ മരിച്ചു. മുംബൈ കെഇഎം അശുപത്രിയിലാണ് മരണം. ധാരാവിയിൽ മാത്രം 13 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ 1135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്
07:54 PM (IST) Apr 08
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിംഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെ ആയിരുന്നു അഭ്യർത്ഥന. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോഗമാണെന്നും മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നതെന്നും യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്നും യോഗി പറഞ്ഞു
07:42 PM (IST) Apr 08
തെലങ്കാനയിൽ 49 പേർക്ക് കൂടി കൊവിഡ്. ആകെ രോഗികൾ 453 ആയി. ആന്ധ്ര പ്രദേശിലെ അനന്ത്പൂരിൽ രണ്ട് ഡോക്ടർമാർക്കും നാല് നഴ്‌സുമാർക്കും കൊവിഡ്
07:41 PM (IST) Apr 08
കർണാടകത്തിൽ കൊവിഡ് മരണം അഞ്ചായി. കലബുറഗിയിൽ 65 കാരൻ മരിച്ചു . കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കേസ്.
06:44 PM (IST) Apr 08
സിനിമാ താരം അല്ലു അർജുൻ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി.
06:33 PM (IST) Apr 08
കലാകാരൻമാർക്ക് ആയിരം രൂപ നിരക്കിൽ രണ്ട് മാസം സഹായം നൽകും, സാംസ്കാരിക പ്രവർത്തന ക്ഷേമ നിധിയിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് സഹായം. പൊതു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി തൊഴിലാളികൾക്ക് ആയിരം രൂപയും തോട്ടം തൊഴിലാളികൾക്ക് രണ്ട് മാസം ആയിരം രൂപ വീതവും നൽകും.
06:28 PM (IST) Apr 08
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ പരീക്ഷകളുടെ മൂല്യ നിർണ്ണയവും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഏതെല്ലാം കോഴ്സുകളും പരീക്ഷാ മൂല്യ നിർണ്ണയവും ഓൺലൈനാക്കാൻ സാധിക്കുമെന്നത് പഠിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം.
06:25 PM (IST) Apr 08
ചില വക്ര ബുദ്ധികളും അപൂർവ്വം കുരുട്ടു രാഷ്ട്രീയക്കാരും തെറ്റായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി. അതിഥി തൊഴിലാളികൾക്ക് കൂടുതൽ പരിഗണന എന്ന മട്ടിൽ പ്രചരണം നടത്തുന്നു.
06:22 PM (IST) Apr 08
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജീവനക്കാരെ ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി.
06:21 PM (IST) Apr 08
കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.
06:19 PM (IST) Apr 08
സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റുകൾ നീട്ടുമെന്ന് മുഖ്യമന്ത്രി. വൃദ്ധ സദനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകും. കൊയ്ത് തടസമില്ലാതെ നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം.
06:16 PM (IST) Apr 08
തണ്ണിത്തോട് നിരീക്ഷണത്തിൽ ഉള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരായ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ രീതി അംഗീകരിക്കാൻ ആകില്ല, ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.
06:15 PM (IST) Apr 08
ലോക്ക് ഡൗൺ ലംഘനത്തിൽ പിടികൂടുന്ന വാഹനം പിടിച്ചെടുക്കുന്നതിനു പകരം പിഴ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി.
06:13 PM (IST) Apr 08
കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ടർമാർ സജീവമായി രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി. കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാൽ മതിയെന്നും പിണറായി വിജയൻ.
06:11 PM (IST) Apr 08
വിദേശത്ത് നോർക്കയുടെ കോവിഡ് ഹെൽപ് ഡസ്കുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി, ഓൺലൈൻ മെഡിക്കൽ ഡെസ്ക് തുടങ്ങും. പ്രവാസി സമൂഹവുമായി സഹകരിച്ച് അഞ്ച് ഹെൽപ് ഡസ്കുകൾ നോർക്ക തുടങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഈ ഹെൽപ് ഡസ്കുകളുമായി സഹകരിക്കാൻ ഇന്ത്യൻ സ്ഥാനപതികളോട് അഭ്യർത്ഥിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം നൽകും. ഇവിടത്തെ ഡോക്ടർമാരുമായി ഓഡിയോ, വീഡിയോ കോളുകളിലൂടെ സംസാരിക്കാം. നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, സർജറി, ഗൈനക്കോളജി, ഇഎൻടി, ഒഫ്ത്താൽമോളജി എന്നീ മേഖലകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
06:09 PM (IST) Apr 08
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനം.
06:07 PM (IST) Apr 08
നിസാമുദ്ദീനിൽ നിന്നെത്തിയ 212 പേരെ ആകെ കണ്ടെത്തി, ഇതിൽ 15 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
06:06 PM (IST) Apr 08
സംസ്ഥാനത്ത് ഇത് വരെ 345 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 259 പേർ നിലവിൽ ചികിത്സയിലാണ്. ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി.
06:03 PM (IST) Apr 08
13 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.
06:02 PM (IST) Apr 08
ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കും, കണ്ണൂരിൽ നാല് പേർക്കും, ആലപ്പുഴയിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. .
Read more at: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍
06:00 PM (IST) Apr 08
തമിഴ്നാട്ടിൽ 48 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 42 പേർ നിസാമുദ്ദീൻ ബന്ധമുള്ളവരാണെന്നാണ് സർക്കാർ അറിയിക്കുന്നത്. തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 738 ആയി.
05:59 PM (IST) Apr 08
കൊവിഡിനെതിരെ പോരാടി കേരളം, ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങളുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങുന്നു
05:59 PM (IST) Apr 08
ലോക്ക് ഡൗൺ ലഘിച്ചതിന് എറണാകുളം ജില്ലയിൽ ഇന്ന് 158 പേരെ അറസ്റ്റ് ചെയ്തു ,112 വാഹനങ്ങൾ പിടിച്ചെടുത്തു.
05:59 PM (IST) Apr 08
നിരവധി ഉന്നതർക്ക് കോവിഡ് രോഗം പിടിച്ചതായി തെറ്റായ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി നടത്തിയ ആൾ പിടിയിൽ. കാസർകോഡ് സ്വദേശി സമീർ ബിഎസിനെയാണ് സൈബർ പൊലീസിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
04:08 PM (IST) Apr 08
24 മണിക്കൂറിനകം കൊവിഡ് ബാധിച്ചത് 773 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 32 പേർ മരിച്ചുവെന്നും കേന്ദ്ര സർക്കാർ.
03:52 PM (IST) Apr 08
പഞ്ചാബിൽ ലോക്ക് ഡൗൺ നീട്ടി. ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം.
03:50 PM (IST) Apr 08
ഉത്തർപ്രദേശിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകൾ മാത്രമാകും പൂർണ്ണമായും അടക്കുകയെന്ന് ചീഫ് സെക്രട്ടറി. ജില്ലകൾക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളിൽ ഇപ്പോഴത്തെ സ്ഥിതി തുടരും.
03:42 PM (IST) Apr 08
ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രം തീരുമാനിച്ചാൽ അതംഗീകരിക്കണമെന്ന് എ കെ ആന്‍റണി അമേരിക്കയിലും യൂറോപ്പിലും കാണുന്ന കൂട്ടമരണം ഇവിടെ ഒഴിവാക്കണമെന്ന് ആന്‍റണി. ലോക്ക്ഡൗൺ കാരണം കഷ്ടപ്പെടുന്നവർക്ക് രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
03:41 PM (IST) Apr 08
സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം നിഷേധിക്കാൻ പാടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. ശമ്പളം നിഷേധിക്കുന്നുവെന്ന പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എ സി മൊയ്ദീൻ.
03:38 PM (IST) Apr 08
തമിഴ്നാടിനുള്ള കേന്ദ്ര ധനസഹായത്തിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. കൂടുതൽ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും 510 കോടി രൂപ മാത്രം അനുവദിച്ചത് എന്തുകൊണ്ടെന്ന് കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
03:35 PM (IST) Apr 08
മധ്യപ്രദേശിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു.
03:34 PM (IST) Apr 08
ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമപ്രവർത്തകൻ കണ്ടിരുന്നു. നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.