Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്; നാല് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

രോഗവ്യാപനത്തിന്‍റെ സാഹചര്യം പിടിച്ച് നിര്‍ത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

covid 19 more cases in kerala pinarayi vijayan presser
Author
Trivandrum, First Published Apr 8, 2020, 6:03 PM IST

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് ബാധിച്ചവരിൽ കണ്ണൂരിൽ നാല് പേർ, ആലപ്പുഴയിൽ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്.

ഇതിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ. മൂന്ന് പേർക്ക് സമ്പർക്കം മൂലമാണ് അസുഖമുണ്ടായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വലിയ ആശ്വാസത്തിന്‍റെ ദിനങ്ങളാണ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമില്ല. കണ്ണൂരിലും പാലക്കാട്ടും കൊവിഡ് ക്യാമ്പുകൾ അവസാനിപ്പിച്ചു. ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ തീരുമാനം കാത്തിരിക്കാനാണ് കേരളത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

13 പേരുടെ ഫലം നെഗറ്റീവായി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതം. കണ്ണൂരിൽ നിന്ന് ഒരാൾക്ക് വീതം രോഗമില്ലെന്ന് കണ്ടെത്തി.ഇതുവരെ 345 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 259 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,40,470 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 749 പേരാണ് ആശുപത്രികളിൽ. ബാക്കിയുള്ളവർ വീടുകളിൽ. 169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇത് വരെ സാമ്പിളുകളയച്ചത് 11956 എണ്ണമാണ്. ഇതിൽ 10906 എണ്ണത്തിൽ രോഗബാധയില്ലെന്നുറപ്പാക്കി. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് നമ്മുടെ സംസ്ഥാനത്ത് കണ്ടെത്തിയത്. ഇതിൽ ഇന്നത്തെ രണ്ട് ഉൾപ്പടെ 15 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 

കാസർകോടിന് ശ്രദ്ധ

ഒപ്പം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി പുതുതായി 273 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. ഇതിന്‍റെ ആദ്യഘട്ടത്തിൽ 300 കിടക്കകളോടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ഐപി സേവനങ്ങളോടു കൂടിയ ആശുപത്രി ഉടൻ പ്രവർത്തനക്ഷമമാക്കും. പുതുതായി സൃഷ്ടിച്ച തസ്തികകളിൽ പകുതി എണ്ണത്തിലും ഉടനടി നിയമനം നടത്തുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്. 

അതേസമയം രോഗ വ്യാപനത്തിന്‍റെ സാഹചര്യം നിയന്ത്രിക്കാനായെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പ് അധികൃതരും വിലയിരുത്തുന്നത്. ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിനോട് യോചിപ്പില്ല. അതേ സമയം കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്നും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. 

സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ഗ്രേഡ് 2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 പേരുടെ നിയമന ഉത്തരവുകൾ അയച്ചിട്ടുണ്ട്. ഇവർക്ക് അടിയന്തരനിയമനം നൽകും. പരിശോധനാ കിറ്റുകൾ 20,000 എണ്ണം ഐസിഎംആർ വഴി നാളെ കിട്ടും.

ഇന്ന് 1940 ചരക്ക് ലോറികൾ സംസ്ഥാനത്തേക്ക് വന്നു. ഇന്നലത്തേിൽ നിന്ന് കൂടി. അത്യാവശ്യഘട്ടം വന്നാൽ ഉപയോഗിക്കാനുള്ള കിടക്കകളും മുറികളും കണ്ടെത്തുന്നതിൽ വലിയ പുരോഗതിയുണ്ട്. പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ 1,73,000 കിടക്കകളിൽ 1,10,000 ഇപ്പോൾത്തന്നെ ഉപയോഗിക്കാവുന്നതാണ്.

കാസർകോട് അതിർത്തിയിൽ നമ്മുടെ ഡോക്ട‍ർമാർ സജീവമായി രംഗത്തുണ്ട്. കൊവിഡ് സർട്ടിഫിക്കറ്റ് കിട്ടാത്ത പ്രശ്നമുണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും അടിയന്തര ചികിത്സ ആവശ്യമുള്ളവരും അങ്ങോട്ട് പോയാൽ മതി. 

മംഗലാപുരത്ത് എത്തിയ ചില രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കർണാടക സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തും. 

പ്രവാസി മലയാളികൾക്ക് ഹെൽപ് ഡസ്ക്

നമ്മുടെ മുന്നിൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം പ്രവാസി മലയാളികൾ അനുഭവിക്കുന്ന കഷ്ടതയാണ്. അമേരിക്കയിലും മറ്റും മലയാളികൾ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത വീണ്ടും വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങൾ വിളിക്കുന്നു. പ്രവാസി സഹോദരങ്ങൾ കൂടുതലുള്ള രാജ്യങ്ങളിൽ പ്രവാസി സമൂഹവുമായി സഹകരിച്ച് അഞ്ച് ഹെൽപ് ഡസ്കുകൾ നോർക്ക തുടങ്ങിയിട്ടുണ്ട്. 

ആ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകളാക്കി പ്രവർത്തിക്കുന്നു. ഈ ഹെൽപ് ഡസ്കുകളുമായി സഹകരിക്കാൻ ഇന്ത്യൻ സ്ഥാനപതികളോട് അഭ്യർത്ഥിച്ചു. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം നൽകും. ഇവിടത്തെ ഡോക്ടർമാരുമായി ഓഡിയോ, വീഡിയോ കോളുകളിലൂടെ സംസാരിക്കാം. നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, സർജറി, ഗൈനക്കോളജി, ഇഎൻടി, ഒഫ്ത്താൽമോളജി എന്നീ മേഖലകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

വിദേശത്ത് ആറ് മാസത്തിൽ കുറയാതെ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് നോർക്ക റജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും അത് നൽകും. റജിസ്ട്രേഷന് നോർക്ക റൂട്ട്സ് ഓവർസീസ് സൗകര്യം നൽകും. ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ഉണ്ടാകും. വിദേശത്ത് ഇനി പോകുന്നവർ അടക്കം ഇതിൽ റജിസ്റ്റ‍ർ ചെയ്യണമെന്നത് നിർബന്ധമാണ്.

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല പരാതികളുണ്ട്. വനം വകുപ്പ് ഇക്കാര്യത്തിൽ അടിയന്തര നടപടി എടുക്കും.

അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാൻ ബുദ്ധിമുട്ടുണ്ട്. രക്തദാനത്തിന് സന്നദ്ധരാകുന്നവർ അതിന് മുന്നോട്ട് വരണം. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. സംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണം.

ലോക്ക് ഡൗൺ ലംഘനത്തിന് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നത് ഒരു പ്രശ്നമായിരിക്കുകയാണ്. വാഹനം പിടിച്ചെടുക്കുന്ന രീതിക്ക് പകരം പിഴ ചുമത്തി പകരം സംവിധാനമുണ്ടാക്കുന്നത് നിർദേശിച്ചു.

മാസ്കുകൾ വലിച്ചെറിയരുത്

ഉപയോഗിച്ച മാസ്കും ഗ്ലൗസും പൊതു ഇടങ്ങളിൽ വലിച്ചെറിയരുത്. ഇതെല്ലാം വൈറസ് വാഹകരാണ് എന്നത് ശ്രദ്ധിക്കണം. ഇത് ആരോഗ്യഭീഷണി സൃഷ്ടിക്കും. അത്തരത്തിൽ വലിച്ചെറിയരുത്. 

തണ്ണിത്തോട്ടെ ആക്രമണം നടക്കാൻ പാടില്ലാത്തത്

സാധാരണ നിലയ്ക്ക് സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചു. തണ്ണിത്തോട് ഒരു വിദ്യാർത്ഥിനി നിരീക്ഷണത്തിലായിരുന്നു. അവരുടെ വീടിന് നേർക്ക് ആക്രമണമുണ്ടായി. കുട്ടിയ്ക്കും വീട്ടുകാർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം. അച്ഛന് നേരെ വധഭീഷണി എന്നിവയുണ്ടായി. ജീവന് സംരക്ഷണം തേടി പെൺകുട്ടി ചൊവ്വാഴ്ച എനിക്ക് പരാതി നൽകി. ഇതിനുള്ള പ്രതികാരമായാണ് അക്രമം. ഇതുപോലത്തെ രീതികൾ ഒരു കാരണവശാലും അംഗീകരിക്കില്ല, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി, ദാക്ഷിണ്യമില്ലാത്ത നടപടിയെടുക്കും. പൊലീസിന്‍റെ നടപടിയ്ക്കൊപ്പം നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിതപ്രവൃത്തികൾക്ക് എതിരെ ശക്തമായി രംഗത്ത് വരണം. ഇത് പോലെ സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തണം. നാടിന്‍റെ ജാഗ്രത ഇത്തരം കാര്യങ്ങളിലും ഉയരണം.

വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം കിട്ടുന്നില്ലെന്ന പ്രശ്നം ഉയർന്നു വന്നിരുന്നു. ആശമ്പളം നൽകുന്നതിന് തീരുമാനമായി. മാധ്യമപ്രവർത്തകരുടെ പെൻഷൻ പദ്ധതിയിൽ അംശാദായം അടയ്ക്കുന്നതിലെ പ്രശ്നം പരിഗണിച്ച് കാലാവധി നീട്ടിയിട്ടുണ്ട്. കെട്ടിടനിർമാണ പെർമിറ്റുകൾ ഈ ലോക്ക് ഡൗൺ കാലത്ത് അവസാനിച്ചേക്കാം. അത്തരം പെർമിറ്റുകൾ നീട്ടി നൽകാം.

കൃഷിക്കാർക്ക് സഹായം

വേനൽമഴ പലയിടത്തും കിട്ടിയിട്ടുണ്ട്. അത് നല്ലതാണ്, പക്ഷേ മഴ തുടങ്ങിയപ്പോൾത്തന്നെ ചിലയിടത്ത് തന്നെ കാർഷിക വിളകൾക്ക് നാശമുണ്ടായി. അത് കൃഷിക്കാർക്ക് ബുദ്ധിമുട്ടായി. അവരുടെ പ്രശ്നം സർക്കാ‍ർ പരിഗണിക്കും. 

കൃഷി തുടങ്ങാനുള്ള സമയമായി. വളവും കാർഷിക സൗകര്യങ്ങളും നൽകും. കുട്ടനാടും തൃശ്ശൂരും നടക്കുന്ന കൊയ്ത്ത് മുടക്കില്ല. അപൂർവം ചില സ്ഥലത്ത് പ്രശ്നങ്ങളുണ്ട്. തടസ്സമില്ലാതെ കൊയ്ത്ത് നടത്താൻ കളക്ടർമാർ ഇടപെടും.

റിസർച്ച് സ്കോളർമാർക്കുള്ള ഫെലോഷിപ്പിൽ കുടിശ്ശികയുണ്ടായിരുന്നു. അത് ഉടൻ നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ട് മാസമായി ശമ്പളം കിട്ടുന്നില്ല എന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് ഇടപെടും. 

സന്നദ്ധത്തിൽ വൊളണ്ടിയർമാർ വേണം

സന്നദ്ധം എന്ന പദ്ധതിക്ക് നല്ല പ്രതികരണമാണ്. പലയിടത്തും വേണ്ടതിലധികം വൊളണ്ടിയർമാരെ കിട്ടി. പക്ഷേ ചില തദ്ദേശസ്ഥാപനങ്ങളിൽ, അതായത് 150 തദ്ദേശസ്ഥാപനങ്ങളിൽ അമ്പതിൽത്താഴെ വൊളണ്ടിയർമാരേയുള്ളൂ. ഇത് പോര. ഇതിന് പ്രത്യേക ഇടപെടലുണ്ടാകും.

മറ്റൊരു പ്രധാനപ്രശ്നം കണ്ണട ഉപയോഗിക്കുന്നവർക്ക്, കണ്ണട ഷോപ്പുകളിൽ പോകാൻ അവസരമില്ല എന്നതാണ്. ആഴ്ചയിലൊരു ദിവസം കണ്ണട ഷോപ്പുകൾക്ക് പ്രവർത്തിക്കാം. സംസ്ഥാനത്ത് പൊലീസിന്‍റെ സേവനം ഫലപ്രദമായി നടക്കുന്നു. ചില തെറ്റായ പ്രവണതകൾ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്.

ഇതിൽ ശ്രദ്ധിക്കേണ്ടത്, ഔചിത്യത്തോടെ പെരുമാറലാണ് പൊലീസിൽ നിന്ന് ഉണ്ടാകേണ്ടത്. അതാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സർക്കാർ ഓഫീസുകൾ അത്യാവശ്യസേവനം എല്ലാക്കാലത്തും നൽകേണ്ടവയാണ്. ജീവനക്കാർ പലരും കൊവിഡ് പ്രതിരോധപ്രവർത്തനത്തിലാണ്. അതിനാൽ പല ഓഫീസുകളിലും ജീവനക്കാർ ഇല്ലാത്തതിനാൽ പ്രവർത്തനം ആവശ്യാനുസരണം പുനഃക്രമീകരിക്കണം. കൃഷിഭവനുകൾ കൃത്യമായി കാര്യങ്ങൾ നടത്തണം.

എല്ലാം അഴുകിയ മത്സ്യമല്ല

മത്സ്യത്തിന്‍റെ കാര്യത്തിൽ ഫലപ്രദമായ ഇടപെടലുണ്ട്. അഴുകിയ മത്സ്യം വലിയ തോതിൽ പിടിച്ചു. അത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് അഭിനന്ദനം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തകർ എല്ലാ മത്സ്യവും അഴുകിയതാണെന്ന നിഗമനത്തിൽ പിടിച്ച് നശിപ്പിക്കുന്ന പ്രവർത്തനം നടത്തരുത്. പരിശോധിച്ച് കേടായ മത്സ്യമാണെന്ന് ഉറപ്പാക്കണം. എന്നിട്ടേ നടപടിയെടുക്കാവൂ.

അതിഥിത്തൊഴിലാളികളെക്കുറിച്ച് കുപ്രചാരണം

ഇവിടെ ചില വക്രബുദ്ധികളും അപൂർവം കുരുട്ട് രാഷ്ട്രീയക്കാരും നമ്മുടെ നാട്ടിൽ ചില പ്രചാരണങ്ങൾ നടത്തുന്നു. അതിഥിത്തൊഴിലാളികൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നു എന്നതാണ് അതിലൊന്ന്. നാട്ടിലത്തരം ഒരു പരാതിയും പൊതുവേയില്ല. വലിയ കഷ്ടത അനുഭവിക്കുന്ന വിഭാഗമാണവർ എന്ന് എല്ലാവർക്കും അറിയാം. അത്തരം ഒരു വിഭാഗത്തിന് കൈത്താങ്ങ് നൽകേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്. അതിഥി ദേവോ ഭവ എന്നതാണ് നമ്മുടെ നിലപാട്. അത് വെറുതെ എഴുതിവയ്ക്കാനുള്ളതല്ല. മാന്യമായ വാസസ്ഥലം, നല്ല ഭക്ഷണം, മെച്ചപ്പെട്ട വൈദ്യസഹായം എന്നിവ അവർക്ക് നൽകുക എന്നത് തന്നെയാണ് നാം സ്വീകരിക്കുന്നത്. അതിൽ കുറവ് വന്നാൽ പരിഹരിക്കാൻ ഇടപെടലുകളുണ്ട്. 

എന്നാൽ ഇതുകൊണ്ടൊന്നും അതിഥിത്തൊഴിലാളികൾ തൃപ്തരല്ല എന്ന് നാം കാണണം. അവ‍ർക്ക് ഇത്തരം ഘട്ടത്തിൽ നാട്ടിലേക്ക് തിരികെ പോവുകയാണ് വേണ്ടത്. നാം വിചാരിച്ചാൽ മാത്രം അത് നടക്കില്ല. അത് നേരത്തേ കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോടും പ്രത്യേക ട്രെയിൻ ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അത് ആവർത്തിക്കുകയാണ്.

കോഴ്സുകൾ ഓൺലൈനാക്കാൻ ആലോചന

നമ്മുടെ സംസ്ഥാനത്ത് പരീക്ഷകളും നടന്നവയുടെ മൂല്യനിർണയവും നടക്കാനുണ്ട്. കോഴ്സുകളും തുടരണം. ഏതെല്ലാം ഓൺലൈൻ വഴിയാക്കാം എന്നതിനെക്കുറിച്ച് വിവരം നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചു.

കലാകാരൻമാ‍ർക്ക് സഹായം, ക്ഷേമനിധി തുകയും എത്തും

കലാകാരൻമാരുടെ ബുദ്ധിമുട്ട് പല തവണ നമ്മൾ പറഞ്ഞിരുന്നു. പരിപാടികൾ പലതും നടക്കുന്നില്ല. സീസൺ തീരുന്നു. അവർക്ക് സഹായം നൽകാൻ തീരുമാനം. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നൽകിയ ഇരുപതിനായിരം കലാകാരൻമാർക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ രണ്ട് മാസത്തേക്ക് ധനസഹായം നൽകും. ഇതിനാവശ്യമായ തുക സാംസ്കാരികപ്രവ‍ർത്തകക്ഷേമനിധിയിൽ നിന്ന് ചെലവഴിക്കും.

നിലവിൽ ഈ നിധിയിൽ നിന്ന് പ്രതിമാസം മൂവായിരം വീതം പെൻഷൻ കിട്ടുന്ന 3012 പേരുണ്ട്. അവർക്ക് പുറമേയാണിത്. വിവിധ സാംസ്കാരികസ്ഥാപനങ്ങൾക്കായി നീക്കി വച്ച 2020 - 21 വർഷത്തെ തുകയിൽ നിന്നാണ് ഈ തുക എടുക്കുക. പൊതു - സ്വകാര്യമേഖലയിലെ 1,07,564 കശുവണ്ടി ത്തൊഴിലാളികൾ കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാണ്. ഇവർക്ക് ആയിരം രൂപ വീതം നൽകും. ഇതുപോലെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പരമ്പരാഗതത്തൊഴിലാളികൾക്കും അതത് ക്ഷേമനിധികൾ വഴി സഹായം നൽകുന്നതാണ്. സംസ്ഥാനത്തെ 85,000 പരം തോട്ം തൊഴിലാളികൾക്ക് ആയിരം രൂപ വീതം നൽകും. ആധാരമെഴുത്ത്, കൈപ്പട വെൻഡർമാർ എന്നിവരിൽ തൊഴിലാളികൾക്കും പെൻഷൻകാർക്കും 3000 വീതം നൽകിത്തുടങ്ങി. കേബിൾ ടിവി ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട്. വൈദ്യുതപോസ്റ്റുകളിൽ നൽകുന്ന വാടകയിനത്തിൽ അവർക്ക് ഇളവ് നൽകും. അതായത് ജൂൺ 30 വരെ ഇതിന്‍റെ വാടക അവർക്ക് പലിശരഹിതമായി അടയ്ക്കാം.

ഒട്ടേറെ തൊഴിൽവിഭാഗങ്ങൾ അവരുടെ പ്രശ്നങ്ങൾ അറിയിക്കുന്നു. വിളമ്പുകാരും പാചകസഹായികളും. ഫോട്ടോഗ്രാഫർമാർ, തെങ്ങ് കയറ്റത്തൊഴിലാളികൾ, ടെക്സ്റ്റൈൽ ഷോപ്പ് തൊഴിലാളികൾ എന്നിവരെല്ലാം ബുദ്ധിമുട്ടറിയിക്കുന്നു. ക്ഷേമനിധിയുള്ളവർക്ക് അത് വഴി സഹായം നൽകും. അതില്ലാത്തവർക്ക് പ്രത്യേകസഹായം നൽകും. അത് നേരത്തേ പറഞ്ഞതാണ്. 

ലോക്ക് ഡൗൺ കാലത്ത് തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണം. 

ഈ ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ബോർഡ് സേവനക്കാർ നന്നായി പ്രവ‍ർത്തിക്കുന്നു. അഭിനന്ദനം.

കുരങ്ങുകളെ ശ്രദ്ധിക്കുക!

കൊവിഡ് മനുഷ്യനിൽ നിന്ന് കുരങ്ങുകളിലേക്ക് ബാധിച്ചേക്കാം. അതിനാൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നവർക്ക് രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കണം. കഴിയുന്നതും നിശ്ചിത ആളുകൾ മാത്രം കുരങ്ങുകൾക്ക് ഭക്ഷണം നൽകുക. കാടിനോട് അടുത്ത പ്രദേശങ്ങളിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തു. അത്തരം ഇടങ്ങളിലുള്ളവർ കുരങ്ങുമായി വിട്ടുനിൽക്കണം.

വേനൽക്കാലമാണ്, കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. അതില്ലാതെ കാക്കണം. വനംവകുപ്പ് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കും. കൊവിഡ് പ്രതിരോധത്തിന് ആയുർവേദത്തെ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. രോഗപ്രതിരോധത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഏഴ് വിഭാഗങ്ങളായി തിരിച്ച് അവർക്ക് അനുയോജ്യമായ നടപടികളെടുക്കും. അതിന് ആയുർവേദ ഡിസ്പെൻസറികളെയും ആശുപത്രികളെയും ഉപയോഗിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios