രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു, രോഗമുക്തരുടെ എണ്ണം 60 ലക്ഷവും; കൊവിഡ് കണക്കുകൾ ഇങ്ങനെ

By Web TeamFirst Published Oct 11, 2020, 9:52 AM IST
Highlights

രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്നത് അൽപ്പം ആശ്വാസകരമായ വാർത്തയാണ്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഇതനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി.

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. 74,383 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 70,53,806 ആയി. 918 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 1,08,334 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 8,67,496 പേരാണ് ചികിത്സയിൽ ഉള്ളത്. 

രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്നത് അൽപ്പം ആശ്വാസകരമായ വാർത്തയാണ്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഇതനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി. 86.17 ശതമാനമാണ് കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്ത് ഇന്നലത്തെ കണക്കുകളിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നത് കേരളമടക്കം 3 സംസ്ഥാനങ്ങളാണ്. കർണാടകയിൽ 10517ഉം മഹാരാഷ്ട്രയിൽ 11416ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കണക്കില്‍ ഇന്നലെ എല്ലാ സംസ്ഥാനങ്ങളെയും മറികടന്ന കേരളത്തിൽ  രോഗം സ്ഥീരികരിച്ചത് 11755 പേർക്കാണ്. 10471 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. തോത് 90 ശതമാനം.

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 925. 116 ആരോഗ്യപ്രവർത്തകരും രോ​ഗബാധിതരിൽ ഉൾപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, 100 രോഗികളെ പരിശോധിക്കുമ്പോൾ 17ലധികം പേർ രോഗികൾ എന്ന കണക്കിലെത്തി. ഇതും രാജ്യത്ത് ഇന്നലത്തെ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണ്. വരും ദിവസങ്ങളും ആശങ്കയുടേതെന്ന് വ്യക്തമാക്കുന്നതാണ് മുന്നറിയിപ്പുകൾ.

click me!